മൂന്നാറില്‍ പുഴയ്ക്ക് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയേക്കും; കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയുമായി ദേവികുളം സബ്കളക്ടര്‍
Kerala
മൂന്നാറില്‍ പുഴയ്ക്ക് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയേക്കും; കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയുമായി ദേവികുളം സബ്കളക്ടര്‍
ന്യൂസ് ഡെസ്‌ക്
Thursday, 15th August 2019, 12:55 pm

ഇടുക്കി: മൂന്നാറില്‍ പുഴയോര കൈയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണു രാജ്. പുഴയുടെ ഒഴുക്കിന് തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും രേണു രാജ് പറഞ്ഞു.

മൂന്നാറില്‍ വെള്ളപ്പൊക്കം ആവര്‍ത്തിച്ചതോടെയാണ് കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സബ് കലക്ടര്‍ രംഗത്തെത്തിയത്. പുഴയ്ക്ക് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനം.

പുഴയോരത്തെ അനധിക്യത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ചെറിയൊരു മഴയില്‍പ്പോലും മൂന്നാര്‍ ടൗണിലും പഴയമൂന്നാറിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് അനധിക്യത കൈയ്യേറ്റം കാരണമെന്നാണ് റവന്യുവകുപ്പിന്റെ കണ്ടെത്തല്‍.

മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രളയത്തിലും ഇവിടെയുള്ള വീടുകളിലെല്ലാം വെള്ളം കയറിയിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ പെരിയവാര പാലം പൂര്‍ണമായി തകര്‍ന്ന പുതിയ താത്ക്കാലിക പാലം നിര്‍മിച്ചിരുന്നു. ഇതും ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു.

കഴിഞ്ഞ തവണയും മുതിരപ്പുഴയാറില്‍ ക്രമാതീതമായി ഉയര്‍ന്നതാണ് പ്രളയത്തിനും വ്യാപക നാശനഷ്ടത്തിനും ഇടയാക്കിയത്.

അശാസ്ത്രീയമായ നിര്‍മാണങ്ങളും, പുഴ കൈയ്യേറ്റവുമാണ് മൂന്നാറിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാര്‍ ടൗണിലും, പഴയമൂന്നാറിലും പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുമെന്നാണ് അറിയുന്നത്.