'ഒരു പണവും കേന്ദ്രത്തിലേക്ക് തിരിച്ചയച്ചിട്ടില്ല, അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ ആരോപണം തെറ്റ്; നിഷേധിച്ച് ഫഡ്‌നാവിസ്
India
'ഒരു പണവും കേന്ദ്രത്തിലേക്ക് തിരിച്ചയച്ചിട്ടില്ല, അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ ആരോപണം തെറ്റ്; നിഷേധിച്ച് ഫഡ്‌നാവിസ്
ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 12:57 pm

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്ന ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്ഡെയുടെ ആരോപണം നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

ഒരു പണവും കേന്ദ്രത്തിലേക്ക് തിരിച്ചയച്ചിട്ടില്ലെന്നും കാവല്‍ മുഖ്യമന്ത്രിയായി തുടര്‍ന്നപ്പോള്‍ പോലും അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

”കേന്ദ്രത്തിലേക്ക് പണമൊന്നും തിരികെ നല്‍കിയിട്ടില്ല. കാവല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഈ ആരോപണം തീര്‍ത്തും തെറ്റാണ്. അത്തരം സംഭവങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ സംബന്ധിച്ചിടത്തോളം, ഭൂമി ഏറ്റെടുക്കല്‍ അല്ലാതെ മഹാരാഷ്ട്ര സര്‍ക്കാരിന് അതില്‍ വേറെ റോള്‍ ഒന്നും ഇല്ല. ഏതെങ്കിലും പണം തിരികെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയോ തങ്ങള്‍ പണം നല്‍കുകയോ ചെയ്തിട്ടില്ല”- ഫഡ്‌നാവിസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫഡ്‌നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്നാണ് അനന്ദ് കുമാര്‍ ഹെഗ്ഡെ ആരോപിച്ചത്. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്ഡെ പറഞ്ഞിരുന്നു.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫഡ്നാവിസിന്റെ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഈ തുക തിരിച്ചു നല്‍കാന്‍ ഫട്നാവിസ് 15 മണിക്കൂര്‍ സമയമെടുത്തെന്നും ഫണ്ട് സംരക്ഷിക്കാന്‍ ബി.ജെ.പി നടത്തിയ നാടകമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെന്നും ഹെഗ്ഡെ പറഞ്ഞിരുന്നു.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ അധികാരമേറ്റ് 80 മണിക്കൂറിനകം രാജിവെക്കുകയായിരുന്നു ഫഡ്‌നാവിസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ