നാഗ്പൂർ: വോട്ട് ചോരിയുമായി ബന്ധപ്പെട്ട ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഹൈഡ്രജൻ ബോംബ്’ വെറുമൊരു ചെറിയ പടക്കം മാത്രമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുൽ ഗാന്ധി എന്തിനാണ് ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികളുടെ അതേ അജണ്ട തന്നെയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫഡ്നാവിസിന്റെ പ്രതികരണം.
‘രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് വളരെ ദുർബലമായ ബോംബായിരുന്നു. യഥാർത്ഥത്തിൽ അത് ഒരു ചെറിയൊരു പടക്കം മാത്രമാണ്. രാജ്യത്ത് ജനാധിപത്യം ശരിയായി നിലനിൽക്കാൻ ആഗ്രഹിക്കാത്ത അന്താരാഷ്ട്ര ശക്തികളുടെ സമാനമായ അജണ്ട തന്നെയാണ് രാഹുൽ ഗാന്ധിക്കുമുള്ളത്.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനാണ് ഈ അന്താരാഷ്ട്ര ശക്തികൾ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയും അതുതന്നെയാണ് ചെയ്യുന്നത്,’ ഫഡ്‌നാവിസ് പറഞ്ഞു.
രാഹുൽ ഗാന്ധി അവതരിപ്പിച്ചത് മോർഫ് ചെയ്ത ഫോട്ടോകളാണെന്ന് ചില മാധ്യമങ്ങൾ വെളിപ്പെടുത്തിയെന്നും ഇതോടെ അദ്ദേഹത്തിന്റെ ഉദ്ദേശം തുറന്നുകാട്ടപ്പെട്ടുവെന്നും ഫഡ്നാവിസ് പറഞ്ഞു. ചില ചാനലുകൾ സ്ഥലത്തെത്തി വോട്ടർ പട്ടികയിലെ വിലാസങ്ങളിൽ വോട്ടർമാർ ഉണ്ടെന്നും അവരും വോട്ട് ചെയ്തിരുന്നുവെന്നും കണ്ടെത്തി.
രാഹുൽ ഗാന്ധി ഇപ്പോൾ നമ്മുടെ സൈന്യത്തെ പോലും ജാതിയുടെ അടിസ്ഥാനത്തിൽ നോക്കുകയാണ്. സൈന്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉയർത്തുന്നു.
ഇത് വളരെ സങ്കടകരമാണ്. രാഹുൽ ഗാന്ധി ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ആരുടെ അജണ്ടയാണ് അദ്ദേഹം നടത്തുന്നതെന്നും ഇപ്പോൾ വളരെ വ്യക്തമായിയെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി വോട്ട് ചോരിയില്‍ കൂടുതൽ തെളിവുകൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ഒരു മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാന-ദേശീയ തലത്തില്‍ പോലും വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുള്ളതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്തെ ഏകദേശം 25 ലക്ഷം വോട്ടര്‍മാര്‍ വ്യാജമാണെന്നും ഒരു സ്ത്രീ പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒരു ബ്രസീലിയന്‍ മോഡലിനെ സീമ, സ്വീറ്റി, സരസ്വതി തുടങ്ങി വിവിധ പേരുകളിലായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്നും തെളിവുസഹിതം രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Content Highlight: Devendra Fadnavis says Rahul Gandhi’s hydrogen bomb on Vote Chori turns out to be nothing but a tiny fire cracker