'ഫഡ്‌നാവിസ് മുഖ്യമന്ത്രിയായത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാന്‍, സത്യപ്രതിജ്ഞ ബി.ജെ.പിയുടെ നാടകം'; വിവാദ വെളിപ്പെടുത്തലുമായി ബി.ജെ.പി എം.പി
national news
'ഫഡ്‌നാവിസ് മുഖ്യമന്ത്രിയായത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാന്‍, സത്യപ്രതിജ്ഞ ബി.ജെ.പിയുടെ നാടകം'; വിവാദ വെളിപ്പെടുത്തലുമായി ബി.ജെ.പി എം.പി
ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 10:42 am

മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്  അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്‌ഡെ.

ഫഡ്‌നാവിസ്അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്ന് അനന്ദ് കുമാര്‍ ഹെഗ്‌ഡെ ആരോപിക്കുന്നു. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്‌ഡെ പറഞ്ഞു. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫഡ്‌നാവിസിന്റെ നീക്കത്തിന് പിന്നിലെന്നും’ അദ്ദേഹം പറഞ്ഞു.

ഈ തുക തിരിച്ചു നല്‍കാന്‍ ഫഡ്‌നാവിസ് 15 മണിക്കൂര്‍ സമയമെടുത്തെന്നും ഫണ്ട് സംരക്ഷിക്കാന്‍ ബി.ജെ.പി നടത്തിയ നാടകമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെന്നും ഹെഗ്‌ഡെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ 80 മണിക്കൂറിനുള്ളില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തവര്‍ രാജി വെക്കുകയായിരുന്നു.