അഗാക്കറിനും ഗംഭീറിനും ബിഗ് വാണിങ്; നാല് സെഞ്ച്വറിക്ക് പുറമെ വീണ്ടും വെടിക്കെട്ട്, കൂടെ തകര്‍പ്പന്‍ റെക്കോഡും
Sports News
അഗാക്കറിനും ഗംഭീറിനും ബിഗ് വാണിങ്; നാല് സെഞ്ച്വറിക്ക് പുറമെ വീണ്ടും വെടിക്കെട്ട്, കൂടെ തകര്‍പ്പന്‍ റെക്കോഡും
ശ്രീരാഗ് പാറക്കല്‍
Tuesday, 6th January 2026, 12:10 pm

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയും രാജസ്ഥാനും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക 32 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. നിലവില്‍ കര്‍ണാടകയ്ക്കായി ക്രീസിലുള്ളത് 95 റണ്‍സ് നേടിയ മയങ്ക് അഗര്‍വാളും രണ്ട് റണ്‍സ് നേടിയ സമരനുമാണ്.

അതേസമയം ടീമിന് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയാണ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ മടങ്ങിയത്. 82 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 91 റണ്‍സ് നേടിയാണ് താരം പുറത്തായത്. വെറും ഒമ്പത് റണ്‍സിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്.

നിലവില്‍ ടൂര്‍ണമെന്റില്‍ നാല് സെഞ്ച്വറികള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്. രാജസ്ഥാനെതിരെയും സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ സീസണില്‍ അഞ്ച് സെഞ്ച്വറി പടിക്കലിന്റെ പേരില്‍ കുറിച്ചേനെ. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തം പേരിലാക്കിയത്.

വിജയ് ഹസാരെ ട്രോഫിയിലെ ഒരു സീസണില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 600 റണ്‍സ് നേടുന്ന ആദ്യ താരമാകാന്‍ പടിക്കലിന് സാധിച്ചു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 34 ഇന്നിങ്‌സില്‍ നിന്ന് 13 സെഞ്ച്വറികളാണ് താരം നിലവില്‍ സ്വന്തമാക്കിയത്. മാത്രമല്ല വിജയ് ഹസാരെയുടെ മൂന്ന് വ്യത്യസ്ത സീസണുകളില്‍ 600+ റണ്‍സ് നേടുന്ന ആദ്യ താരമാകാനും പടിക്കലിന് സാധിച്ചു.

വിജയ് ഹസാരെയുടെ തുടക്കക്കില്‍ തന്നെ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്ന പടിക്കല്‍ ബി.സി.സി.ഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും വലിയ വാണിങ് തന്നെയാണ് നല്‍കിയിരിക്കുന്നത്.

ദേവദത്ത് പടിക്കല്‍. Photo: Johns/x.com

ആഭ്യന്തര മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയിട്ടും ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ പടിക്കലിന് സ്ഥാനമുണ്ടായിരുന്നില്ല. ഇപ്പോഴും സ്ഥിരതയോടെ മിന്നും പ്രകടനം നടത്തുന്ന പടിക്കലിനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സെലഷന്‍ കമ്മിറ്റിക്കെന്ന് പറയേണ്ടിവരും.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിലും ടി-20യിലും കളിച്ച പടിക്കലിന് ഏകദിന ഫോര്‍മാറ്റില്‍ ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ല. മിന്നും പ്രകടനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പടിക്കലിന് വൈകാതെ തന്നെ ഏകദിന കോള്‍ ലഭിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

മാത്രമല്ല ആഭ്യന്തര മത്സരത്തില്‍ മിന്നും പ്രകടനം നടത്തുന്ന സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും ഏകദിന ഫോര്‍മാറ്റിലേക്കുള്ള റേസിലുണ്ട്.

അതേസമയം മത്സരത്തില്‍ പടിക്കലിന് പുറമെ കരുണ്‍ നായരും പുറത്തായി. വെറും 14 റണ്‍സ് നേടിയാണ് കരുണ്‍ മടങ്ങിയത്. എം.ജെ. സധറും എ.ബി. കൂക്‌നയുമാണ് രാജസ്ഥാന്‍ നിരയില്‍ വിക്കറ്റ് നേടിയത്.

Content Highlight: Devdutt Padikkal In Great Record Achievement In Vijay Hazare Trophy

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ