ലങ്കയില്‍ മലയാളിയുടെ ഓണത്തല്ല്; അഞ്ചാം ഇന്നിങ്‌സില്‍ വീണത് മുന്‍ നായകന്‍
Cricket
ലങ്കയില്‍ മലയാളിയുടെ ഓണത്തല്ല്; അഞ്ചാം ഇന്നിങ്‌സില്‍ വീണത് മുന്‍ നായകന്‍
സുദേവ് എ
Monday, 24th August 2026, 5:04 pm

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്കാണ് നീങ്ങുന്നത്. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നിട്ടുണ്ട്. മത്സരത്തിന്റെ ഒന്നാം ദിനം സൂപ്പര്‍താരം ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി തിളങ്ങി. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരം രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കുകയായിരുന്നു. 193 പന്തില്‍ 117 റണ്‍സ് നേടിയാണ് പടിക്കല്‍ തിളങ്ങിയത്.

വീണ്ടും ലങ്കന്‍ മണ്ണില്‍ സെഞ്ച്വറി നേടി കരുത്തുകാട്ടിയതോടെ ഒരു വമ്പന്‍ നേട്ടവും മലയാളി താരം സ്വന്തമാക്കി. വിദേശത്ത് കളിച്ച ആദ്യ അഞ്ച് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായാണ് പടിക്കല്‍ മാറിയത്. 353 റണ്‍സുമായാണ് പടിക്കല്‍ ഒന്നാമനായത്.

മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് പടിക്കല്‍ തകര്‍ത്തത്. 331 റണ്‍സായിരുന്നു ഗാംഗുലി വിദേശമണ്ണിലെ തന്റെ ആദ്യ അഞ്ച് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നും സ്വന്തമാക്കിയത്. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ 318 റണ്‍സുമായി മൂന്നാം സ്ഥാനത്തും ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ 313 റണ്‍സോടെ നാലാം സ്ഥാനത്തുമുണ്ട്.

ഇതിന് പുറമെ ശ്രീലങ്കയ്ക്കതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒന്നിലധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകാനും ദേവ്ദത്ത് പടിക്കലിന് സാധിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സേവാഗുമാണ് ഇത്തരത്തില്‍ രണ്ട് സെഞ്ച്വറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

സായ് സുദര്‍ശന് പരിക്കേറ്റ സാഹചര്യത്തില്‍ ടീമിലെത്തിയ പടിക്കല്‍ സെഞ്ച്വറിയുമായി തിളങ്ങിയാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

അതേസമയം പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ ഈ മത്സരവും വിജയിച്ചുകൊണ്ട് സമ്പൂര്‍ണ വിജയമാവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാന്‍ ലങ്കക്കും ഈ മത്സരം നിര്‍ണായകമാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജയസ്വാള്‍, കെ.എല്‍ രാഹുല്‍, ദേവദത്ത് പടിക്കല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, സാരാന്‍ഷ് ജെയ്ന്‍, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

ലാഹിരു ഉദാര, കാമില്‍ മിഷാര, പസിന്ദു സൂര്യബന്ദര, കാമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.

 

Content Highlight: Devdut Padikkal create a huge record in test cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.