ഭണ്ഡാരത്തിലെ പണം മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News
ഭണ്ഡാരത്തിലെ പണം മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th June 2025, 9:36 am

തലശേരി: ഭണ്ഡാരത്തിലെ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ പണം കൈക്കലാക്കാന്‍ ശ്രമിച്ച ദേവസ്വം മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍.

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശേരി ഡിവിഷന് കീഴിലുള്ള മാടായിക്കാവിലെ ഭണ്ഡാരങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പി.കെ. സുബ്രഹ്‌മണ്യന്‍ പണം കൈക്കലാക്കാന്‍ ശ്രമിച്ചത്. മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ല ഭാരവാഹിയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സുബ്രഹ്‌മണ്യം.

ചിറക്കല്‍ കോവിലകം ദേവസ്വം ഗ്രൂപ്പില്‍പെട്ട സോഷ്യല്‍ ഗ്രേഡ് ക്ഷേത്രമാണ് മോഷണം നടന്ന തിരുവര്‍കാട്ട് കാവ് ഭഗവതി ക്ഷേത്രം. സുബ്രഹ്‌മണ്യനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഭണ്ഡാരങ്ങള്‍ തുറന്ന് പണം എണ്ണുന്ന സമയത്ത് ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കി നല്‍കണമെന്നും സംഘടന നിര്‍ദേശിച്ചു.

ജൂണ്‍ പത്തിനാണ് മോഷണ ശ്രമം നടന്നത്. ഭണ്ഡാരം എണ്ണുന്നതിനുള്ള ചുമതല വഹിച്ച ദേവസ്വം ബോര്‍ഡ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഓഫീസിലെ അറ്റന്‍ഡറാണ് മോഷണം നടന്ന കാര്യം അസി. കമ്മീഷണറെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്നിട്ടുണ്ടെന്ന് വ്യക്തമായത്.

Content Highlight: Devaswom manager suspended for trying to steal money from treasury