അയ്യപ്പ സംഗമം പൊളിയണമെന്ന് ആഗ്രഹിച്ചവരാവാം ഇതിനുപിന്നിൽ; സ്വർണപാളിയിൽ അന്വേഷണം നടത്തും: പി. പ്രശാന്ത്
Kerala
അയ്യപ്പ സംഗമം പൊളിയണമെന്ന് ആഗ്രഹിച്ചവരാവാം ഇതിനുപിന്നിൽ; സ്വർണപാളിയിൽ അന്വേഷണം നടത്തും: പി. പ്രശാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd October 2025, 10:19 am

പത്തനംതിട്ട : ശബരിമല സ്വർണപാളി വിവാദത്തിൽ കൂടുതൽ അന്വേഷണത്തിന് സാധ്യതയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.പ്രശാന്ത്. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം ദേവസ്വം ബോർഡ് അന്വേഷണം നടത്താനുള്ള തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും ആസൂത്രണത്തിന് പിന്നിൽ അയ്യപ്പ സംഗമത്തെ എതിർത്തവരാണെന്നും  സമഗ്ര അന്വേഷണത്തിന് കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറ്റകുറ്റ പണികൾക്കായി സ്വർണപാളി സന്നിധാനത്തിന് പുറത്ത് കൊണ്ടുപോകാൻ കഴിയില്ലെന്ന കെ. അനന്തഗോപന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘ആഗോള അയ്യപ്പ സംഗമം പൊളിയണമെന്ന് ആരോപിച്ചത് ആരാണോ ഇതിനു പിന്നിൽ അവരായിരിക്കും. സ്വാഭാവികമായും അത്തരം ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുകയും അദ്ദേഹം തന്നെ കുഴിയിൽ വീഴുകയുമാണ് ഉണ്ടായത്. ഇപ്പോൾ കോടതിയുടെ പരിഗണനയിലാണല്ലോ അന്വേഷണം. പൂജാവേള കഴിഞ്ഞാലുടൻ കോടതിയോട് ഞങ്ങളുടെ സ്റ്റാന്റിംങ് കൗൺസിൽ ബഹുമാനപ്പെട്ട കോടതിയോട് ആവശ്യപ്പെടും,’ പി. പ്രശാന്ത് പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ എല്ലാ ഇടപാടുകളും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഹൈകോടതിയോട് ആവശ്യപ്പെടുമെന്ന് പി.പ്രശാന്ത് പറഞ്ഞിരുന്നു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അവർക്കെതിരെയും കൃത്യമായ അന്വേഷണം നടത്തണമെന്നും അന്വേഷണത്തിന് ദേവസ്വം ബോർഡ് ഏതറ്റം വരെയും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Devaswom Board will investigate the gold: P. Prashanth