പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ പീഠങ്ങൾ കണ്ടെത്തി. കാണാതായ ദ്വാരപാലക ശില്പത്തിലെ പീഠങ്ങൾ ദേവസ്വം വിജിലൻസ് ആണ് കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പീഠങ്ങൾ കണ്ടെടുത്തത്. പോറ്റിയുടെ ജീവനക്കാരന്റെ വീട്ടിലായിരുന്നു പീഠങ്ങൾ സൂക്ഷിച്ചിരുന്നത്. വിവാദത്തെ തുടർന്ന് ബന്ധുവിന്റെ വീട്ടിലേക്ക് പീഠങ്ങൾ മാറ്റുകയായിരുന്നു.
പീഠങ്ങൾ കാണാനില്ലെന്ന് പറഞ്ഞ് ദേവസ്വത്തിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഉന്നയിച്ച ആരോപണങ്ങളിൽ ദുരൂഹതയുണ്ടെന്ന് വിജിലൻസ് പറഞ്ഞു. സംഭവത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും
‘കോടതിയുടെ പരിഗണയിലാണ് വിഷയം. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിച്ച് പരിശോധിച്ച് നൽകാനാണ് കോടതി ദേവസ്വം വിജിലൻസിനെ ഏർപ്പെടുത്തിയിരിക്കുന്നത്. ആ കാര്യങ്ങൾ എല്ലാം കണ്ടെത്തി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും,’ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണത്തിന്റെ അളവ് കുറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. ഒരു ബദൽ പീഠം നൽകിയിരുന്നെന്നും അത് കാണാനില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ് പരാതിപ്പെട്ടത്.
കാണാതായത് സ്വര്‍ണപീഠമാണെന്നും അത് ദേവസ്വം ബോര്‍ഡിന്റെ കൈവശമോ ക്ഷേത്രത്തിലോ ഉണ്ടാകാനാണ് സാധ്യതയെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നു.
നേരത്തെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയിരുന്നു. സ്വര്‍ണപീഠത്തിന്റെ നിറം മാറിയതും ദ്വാരം വീണതിനാലും സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് വേണ്ടി ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത് പെട്ടെന്ന് തിരിച്ചെത്തിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ദേവസ്വം ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ച് പണികള്‍ തുടരട്ടെയെന്നും രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നും കോടതി പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതോടെയാണ് സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞത് വ്യക്തമായത്.