തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ബി.ജെ.പി അനുകൂല ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശബരിമല മുന്‍ നിര്‍ത്തി കലാപമുണ്ടാക്കാനാണോ ഇവരുടെ ശ്രമമെന്ന് പ്രശാന്ത് ചോദിച്ചു. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പല ആളുകളുടെയും പ്രഭാഷണത്തില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്? ഇങ്ങനെയാണെങ്കില്‍ കേരളത്തിന്റെ നവോത്ഥാനഭൂമിക എവിടെയാണ് ചെന്നെത്തുക? ആഗോള അയ്യപ്പ സംഗമത്തില്‍ ഒരു രാഷ്ട്രീയവുംചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല,’ എസ്. പ്രശാന്ത് പറഞ്ഞു.
ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിയുടെ വാവരെ കുറിച്ചുള്ള പമര്‍ശത്തെ കുറിച്ചും പ്രശാന്ത് സംസാരിച്ചു. ബാബരി മസ്ജിദിന്റെ കാര്യം ഓര്‍മയുണ്ടല്ലോ, അതുപോലെ നമ്മള്‍ ആയുധമെടുക്കണം എന്നാണ് അവര്‍ പറഞ്ഞതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
‘വാവര്‍ ചരിത്രപരമായി അയ്യപ്പനുമായും പന്തളം കൊട്ടാരവുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ്. ആ ചരിത്രത്തെ വളച്ചൊടിച്ച് ഇത് വാവരല്ല, വാപുരനാണ് എന്നൊക്കെ പറഞ്ഞ് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയല്ലേ.
ബാബരി മസ്ജിദിന്റെ കാര്യം ഓര്‍മയുണ്ടല്ലോ, അതുപോലെ നമ്മള്‍ ആയുധമെടുക്കണം എന്നാണ് ആ സ്വാമി പറഞ്ഞത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിന്റെ അര്‍ത്ഥം എന്താണ്?
നിലവില്‍ കേരളത്തില്‍ ഒരു സൗഹൃദാന്തരീക്ഷമുണ്ട്. എല്ലാ മതസ്ഥരും ഒന്നുപോലെ സഹോദരീ സഹോദരന്‍മാരായി കഴിയുകയാണ്. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാനാണോ ഇവര്‍ ശ്രമിക്കുന്നത്? അങ്ങനെ ചെയ്യാന്‍ പാടില്ലല്ലോ?
അയ്യപ്പസംഗമത്തില്‍ ഒരു തരത്തിലുമുള്ള ആഹ്വാനമോ വെല്ലുവിളികളോ ഉണ്ടായില്ലല്ലോ. ഞങ്ങള്‍ പറഞ്ഞത് മുഴുവന്‍ ശബരിമലയുടെ വികസനത്തെ കുറിച്ചായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശാന്താനന്ദ മഹര്‍ഷിയുടെ പരാമര്‍ശത്തെ പന്തളം കുടുംബാംഗം അശ്വതി നാള്‍ രവിവര്‍മ പ്രദീപ് വര്‍മ തള്ളിയിരുന്നു.
‘ചില കാഷായ വസ്ത്രധാരികളെ മുന്‍നിര്‍ത്തി വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു സംഘപരിവാര്‍. ഇത് ഹിന്ദു- മുസ്‌ലിം വിദ്വേഷം വളര്‍ത്താന്‍ വേണ്ടിയുള്ള പരിപാടിയായിപ്പോയി.
സംഗമത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയ നേതാക്കളെ കൊണ്ടുവരിക വഴി ശബരിമലയുടെ വികസനത്തെ അസ്ഥിരപ്പെടുത്തുകയെന്ന ഗൂഢോദ്ദേശ്യവും സംശയിക്കേണ്ടിയിരിക്കുന്നു. തമിഴ്നാട് ബി.ജെ.പി മുന്‍ പ്രസിഡന്റിന്റെ പ്രസംഗം ഇതാണ് വെളിവാക്കിയത്,’ അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ ആരാധന മൂര്‍ത്തിയായ അയ്യപ്പന്റെ പേര് മതവൈര്യത്തിന് ഉപയോഗിക്കുന്നതില്‍ പ്രതിഷേധവും സങ്കടവും ഉണ്ടെന്നും പന്തളത്തെ ഭൂരിഭാഗം മുസ്‌ലിങ്ങള്‍ക്കും കൊട്ടാരവുമായി നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞ അദ്ദേഹം, സഹോദരങ്ങളെ പോലെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പന്തളം കൊട്ടാരം കുടുംബത്തിലെ 305 അംഗങ്ങളില്‍ നിന്ന് സംരക്ഷണ സംഗമത്തിന്റെ ഭാഗമായത് ഒരാള്‍ മാത്രമാണെന്നും പ്രദീപ് വര്‍മ പറഞ്ഞു. പരിപാടിയെ പന്തളം കുടുംബം ഇതുവരെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ലെന്നും വ്യക്തമാക്കി.
Content Highlight: Devaswom Board President P.S. Prashanth criticizes Shantananda Maharshi