ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്ന് ദേവസ്വം ബോര്‍ഡ്
Kerala News
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്ന് ദേവസ്വം ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th January 2022, 9:52 am

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണര്‍ തന്നെയായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കുലറിലൂടെ അറിയിച്ചു. ജനുവരി പതിനേഴിന് പുറത്തുവിട്ട സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരിയില്‍ നടക്കുന്ന ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പുതിയ ജോലിക്കാരെ നിയമിക്കുന്നതിന് സര്‍ക്കുലറിറക്കിയത്.

പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവര്‍ത്തി, പച്ചക്കറി സാധനങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, കലവറയില്‍ നിന്നും സാധനസാമിഗ്രികള്‍ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, പാകം ചെയ്തവ വിതരണപന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, രണ്ട് ഫോര്‍ക്ക് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെ എല്ലാ പ്രവ്യത്തികള്‍ എന്നിവയ്ക്കാണ് ദേവസ്വം ക്വട്ടേഷന്‍ ക്ഷണിച്ചത്. ഇതിനായി മുന്നോട്ട് വച്ചിട്ടുള്ള 13 നിബന്ധനകളില്‍ ഏഴാമതായാണ് ബ്രാഹ്മണര്‍ക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വെക്കുന്നത്.

പാചക പ്രവര്‍ത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.

പാചകത്തിന് വരുന്നവര്‍ ശുദ്ധമുള്ളവരാവണമെന്നും ഒരുതരത്തിലുള്ള തടസങ്ങളും കൂടാതെ ആത്മാര്‍ത്ഥയോടും സമര്‍പ്പണ മനോഭാവത്തോടും കൂടി ജോലി ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ജോലി ലഭിക്കുന്നവര്‍ പ്രവൃത്തിയുടെ ഉറപ്പിലേക്കായി ഒരു ലക്ഷം രൂപ സുരക്ഷാ നിക്ഷേപം ഹാജരാക്കണം. ഗവണ്‍മെന്റ് നിയമങ്ങള്‍ക്കനുസരിച്ച് ക്വട്ടേഷനില്‍ ഭേദഗതിയുണ്ടാവുമെന്നും സര്‍ക്കുലറിലുണ്ട്.


Content Highlights: Devaswom Board demands Brahmins for body work at Guruvayur temple