നോമ്പ് തുറയ്ക്ക് പോയത് മുസ്‌ലിം വോട്ട് കിട്ടാനല്ല; വിരലുകൊണ്ട് കഴിക്കുന്നത് സുരേഷ് ഗോപിയുടെ രീതി: ദേവൻ
Kerala News
നോമ്പ് തുറയ്ക്ക് പോയത് മുസ്‌ലിം വോട്ട് കിട്ടാനല്ല; വിരലുകൊണ്ട് കഴിക്കുന്നത് സുരേഷ് ഗോപിയുടെ രീതി: ദേവൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2024, 1:42 pm

തൃശൂർ: സുരേഷ് ഗോപി ഒരു മതത്തിന്റെയും വോട്ട് കിട്ടാനല്ല നോമ്പ് തുറയ്ക്ക് പോയി ഭക്ഷണം കഴിച്ചതെന്ന് നടനും ബി.ജെ.പി നേതാവുമായ ദേവൻ. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ സുരേഷ് ഗോപിയുടെ വീട്ടിൽ പോയി താമസിച്ചിട്ടുണ്ടെന്നും ഒരുപാട് പ്രാവശ്യം ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ദേവൻ പറയുന്നുണ്ട്. ഭക്ഷണത്തിന്റെ അവസാനം തള്ള വിരലുകൊണ്ട് നക്കി കഴിക്കുന്നത് സുരേഷ് ഗോപിയുടെ രീതി ആണെന്നും ഇതിന്റെ വിഷ്വൽസ് എടുത്ത് പ്രചരിപ്പിക്കുന്നത് ക്രൂരത അല്ലേയെന്നും ദേവൻ പരസ്യമായി പറഞ്ഞു.

‘ഞാൻ സുരേഷിന്റെ വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്. ഒരുപാട് പ്രാവശ്യം ഒരുമിച്ച് ആഹാരം കഴിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് ഷൂട്ടിങ്ങിനു പോകുമ്പോൾ ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ആഹാരം കഴിക്കുക. ഓരോരുത്തർക്ക് ആഹാരം കഴിക്കുന്നതിൽ ഓരോ സ്റ്റൈൽ ഉണ്ട്. അദ്ദേഹം ഒരു നോമ്പു തുറക്ക് പോയി, അവിടെ ആഹാരം കഴിക്കുന്നതിന്റെ ഒരു വീഡിയോയുടെ ക്ലിപ്പ് കണ്ടു.

അദ്ദേഹം അവസാന വറ്റ് വരെ തള്ള വിരലുകൊണ്ട് വടിച്ചെടുത്ത് വായിൽ വെക്കുന്ന ചില വിഷ്വൽസ് എടുത്തുകൊണ്ട് ചില മാധ്യമങ്ങൾ ചില സോഷ്യൽ മീഡിയ ആക്രമികളും കൂടെ പ്രചരിപ്പിക്കുന്നത് ഞാൻ കണ്ടു. ഞാനൊരു വേദിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്നെപ്പോലെ സുരേഷിനെ അറിയാവുന്നവർ കുറവായിരിക്കും.

അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തുനിന്ന് കിട്ടുന്ന ഒരു പാഠം ഓരോ അരിയും പ്രാധാന്യമാണ് എന്നതാണ്. പാത്രത്തിൽ വെക്കുന്ന ഓരോ അരിയുടെ പ്രാധാന്യം മനസിലാകുന്ന ഒരാളാണ്. അത് ദൈവമാണെന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് സുരേഷ് ഗോപി. അത് മനസ്സിലാക്കാതെ അദ്ദേഹത്തെ പറ്റി അറിയാതെ, പഠിക്കാതെ അദ്ദേഹം അങ്ങനെ നക്കി തിന്നു എന്ന് പറയുന്നത് എന്ത് ക്രൂരതയാണത്.

ആരെയെങ്കിലും ബോധിപ്പിക്കാൻ വേണ്ടിയോ മതത്തെ സ്വാധീനിക്കാൻ വേണ്ടിയോ ആ മതത്തിന്റെ വോട്ട് കിട്ടാൻ വേണ്ടിയോ അല്ല അദ്ദേഹം അത് ചെയ്തത്. അദ്ദേഹത്തിന്റെ സ്വഭാവം അതാണ്. ഭക്ഷണത്തിന്റെ രീതി അതാണ്. നമ്മൾ എത്രയോ ഫുഡ് വേസ്റ്റ് ആക്കുന്നു. സുരേഷ് ഗോപിയുടെ പ്ലേറ്റിൽ ഒരു തരിവറ്റ് പോലും കാണില്ല. സുരേഷ് ഗോപി പറയും ആ വറ്റിന് പ്രാധാന്യമുണ്ട്, ആ വറ്റ് കിട്ടാതെ ജീവിക്കുന്ന ഒരുപാട് പാവപ്പെട്ട ജനങ്ങൾ ഇന്ത്യയിലുണ്ട് എന്ന്,’ ദേവൻ തുറന്നുപറഞ്ഞു.

Content Highlight: Devan said that Suresh Gopi did not go on nombuthura to get votes of any religion