ജീവന്‍ തന്നെ പോകുന്ന പരിപാടിയാണ് പൃഥ്വിരാജ് കാണിച്ചത്, അവാര്‍ഡ് കൊടുക്കാനുള്ള ഒരു കാര്യവും ജവാനില്‍ ഇല്ലായിരുന്നു: ദേവന്‍
Malayalam Cinema
ജീവന്‍ തന്നെ പോകുന്ന പരിപാടിയാണ് പൃഥ്വിരാജ് കാണിച്ചത്, അവാര്‍ഡ് കൊടുക്കാനുള്ള ഒരു കാര്യവും ജവാനില്‍ ഇല്ലായിരുന്നു: ദേവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th August 2025, 7:21 am

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയിലൊരുങ്ങിയ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ദേവന്‍. നാല് പതിറ്റാണ്ടിനിപ്പുറം മലായളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച നടനായി അദ്ദേഹം മാറിയിരിക്കുകയാണ് നിര്‍മാതാവ് എന്ന നിലയിലും തന്റെ സാന്നിധ്യമറിയിച്ച ദേവന്‍ രാഷ്ട്രീയത്തിലും ഒരു കൈ പയറ്റിയിട്ടുണ്ട്. AMMA സംഘടനയുടെ തലപ്പത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ദേവന്‍.

സിനിമാലോകത്ത് ഈയടുത്ത് ഏറെ കൊടുമ്പിരി കൊണ്ട വിവാദമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്‌കാരം. അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് ജൂറി സ്വന്തം ആളുകള്‍ക്ക് അവാര്‍ഡ് നല്‍കിയെന്നാണ് പലരും ആരോപിക്കുന്നത്. ജവാനിലെ അഭിനയത്തിന് ഷാരൂഖ് ഖാന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ കേരളത്തെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച കേരള സ്റ്റോറിക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. മലയാളികള്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിച്ച ആടുജീവിതത്തിന് അവാര്‍ഡുകളൊന്നും ലഭിച്ചില്ല.

ആടുജീവിതത്തിന് അവാര്‍ഡ് ലഭിക്കാത്തതില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ദേവന്‍. ആടുജീവിതം എന്ന ചിത്രം താന്‍ മൂന്ന് വട്ടം കണ്ടതാണെന്ന് ദേവന്‍ പറഞ്ഞു. തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ് അതെന്നും ആ സിനിമയുടെ മേക്കിങ് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സിനിമക്ക് താനും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെന്നും ദേവന്‍ പറയുന്നു.

‘ബ്ലെസി ചെയ്തിട്ടുള്ള അതിമനോഹരമായ വര്‍ക്കാണ് ആടുജീവിതം. ബ്ലെസിയോടൊപ്പം എടുത്തുപറയേണ്ട പേരാണ് പൃഥ്വിരാജിന്റേത്. സിനിമ കണ്ട ശേഷം ഞാന്‍ അതിനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരുപാട് പേര്‍ അത് കണ്ടിട്ടുണ്ട്. ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് എടുത്ത റിസ്‌ക് വളരെ വലുതാണ്.

ജീവന്‍ തന്നെ പോയേക്കാവുന്ന പരിപാടിയാണ് പൃഥ്വിരാജ് കാണിച്ചത്. അതുപോലൊരു റിസ്‌ക് മലയാളത്തില്‍ ഒരു നടനും ചെയ്യില്ല. പൃഥ്വിരാജ് എടുത്ത ശ്രമം എത്ര വലുതാണെന്ന് കാണാന്‍ വേണ്ടിയാണ് ഞാന്‍ ആ സിനിമ മൂന്ന് വട്ടം കണ്ടത്. ഭക്ഷണവും വെള്ളവും പൂര്‍ണമായും ഒഴിവാക്കി പൃഥ്വിരാജ് എടുത്ത ആ റിസ്‌ക് അത്ഭുതപ്പെടുത്തുന്നതാണ്.

ആ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് അനുഭവിച്ച വേദനകളൊക്കെ ജൂറി പരിഗണിക്കേണ്ടതാണ്. എന്നാല്‍ അവര്‍ അവാര്‍ഡ് കൊടുത്തത് ജവാനില്‍ അഭിനയിച്ച ഷാരൂഖ് ഖാനാണ്. ആ സിനിമ ഞാന്‍ കണ്ടതാണ്. ഒരു അവാര്‍ഡ് പോലും കൊടുക്കാന്‍ ഒന്നുമില്ലാത്ത സിനിമയായിട്ടാണ് ജവാനെക്കുറിച്ച് എനിക്ക് തോന്നിയത്,’ ദേവന്‍ പറയുന്നു.

Content Highlight: Devan express his views on National Film Awards and Aadujeevitham movie