മമ്മൂക്ക പൊക്കിയെടുത്ത ആ ശവം ഞാനാണ്; ചിത്രങ്ങള്‍ പങ്കുവെച്ച് ദേവദത്ത് ഷാജി
Film News
മമ്മൂക്ക പൊക്കിയെടുത്ത ആ ശവം ഞാനാണ്; ചിത്രങ്ങള്‍ പങ്കുവെച്ച് ദേവദത്ത് ഷാജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th April 2022, 2:31 pm

ഭീഷ്മ പര്‍വ്വത്തിന്റെ വമ്പന്‍ വിജയത്തോടെ ശ്രദ്ധിക്കപ്പെട്ടവരില്‍ ഒരാളാണ് 26കാരനായ ദേവദത്ത് ഷാജി. അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വത്തിന്റെ കഥയെഴുതിയത് ദേവദത്ത് ഷാജിയായിരുന്നു.

എഴുത്തുകാരനായതിനു പുറമേ ഭീഷ്മയില്‍ താന്‍ അഭിനയിച്ചതും വെളിപ്പെടുത്തിയിരിക്കുകയാണ് ദേവദത്ത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ കഥാപാത്രമായ അമി കൊല്ലപ്പെടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

മമ്മൂക്കയും മറ്റുള്ളവരും പൊക്കിയെടുത്ത മയ്യത്ത് കട്ടിലില്‍ അമിയുടെ ശവമായി കിടന്നത് താനായിരുന്നു എന്ന കാര്യമാണ് ദേവദത്ത് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ശവമായി കിടക്കുന്ന ചിത്രങ്ങളും ദേവദത്ത് പങ്കുവെച്ചിട്ടുണ്ട്.

ഭീഷ്മക്ക് മുമ്പ് 2018 ല്‍ മമ്മൂട്ടി തന്റെ ഷോര്‍ട്ട് ഫിലിം കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചതും ദേവദത്ത് നേരത്തെ പങ്കുവെച്ചിരുന്നു. എന്റെ സ്വന്തം കാര്യം എന്ന ഷോര്‍ട്ട് ഫിലിമിന് വ്യൂസ് കേറാത്ത വിഷമത്തില്‍ ഇരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ മെസേജ് വന്നതെന്നും അത് കണ്ട് താന്‍ ഞെട്ടി പോയെന്നും ദേവദത്ത് പറയുന്നു.

പിന്നീട് ഭീഷ്മയുടെ സെറ്റില്‍ വെച്ച് മമ്മൂട്ടിയോട് പണ്ട് മെസേജ് അയച്ച കാര്യം പറയണമെന്നുണ്ടായിരുന്നുവെങ്കിലും സാധിച്ചില്ലെന്നും ദേവദത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മമ്മൂട്ടി സാറിന്റെ അഭിനന്ദനങ്ങള്‍ തന്ന ഊര്‍ജം വാക്കുകള്‍ക്കും മേലെയാണെന്നും ദേവദത്ത് കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പ് കുമ്പളങ്ങി നൈറ്റ്സില്‍ അസോസിയേറ്റ് ഡയറക്ടാറായും ദേവദത്ത് വര്‍ക്ക് ചെയ്തിട്ടുണ്ട്.

ഉടനെ തന്നെ ഒരു സംവിധായകന്റെ വേഷത്തില്‍ ദേവദത്തിനെ കാണാനാകുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഭീഷ്മ പര്‍വ്വത്തിന്റെ വന്‍വിജയത്തോടെ ബിലാലിലും വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുള്ളത്.

Content Highlight: Devadatta revealed that he was the dead body of Amy who was picked up by Mammootty and others in bheeshma parvam