ആഗ്നേയാസ്ത്രം ഉള്ളംകയ്യിലായ ശിവ; ബ്രഹ്മാസ്ത്രയിലെ പുതിയ ഗാനം
Film News
ആഗ്നേയാസ്ത്രം ഉള്ളംകയ്യിലായ ശിവ; ബ്രഹ്മാസ്ത്രയിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th August 2022, 3:32 pm

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ബ്രഹ്മാസ്ത്രയിലെ പുതിയ ഗാനം പുറത്ത്. ദേവ ദേവ എന്ന പാട്ട് സോണി മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. ആഗ്നേയാസ്ത്രത്തിന്റെ നിയന്ത്രണം ലഭിച്ച ശിവയുടെ എക്‌സൈറ്റ്‌മെന്റും സന്തോഷവുമൊക്കെയാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാണ് പാട്ടിലുള്ളത്.

അര്‍ജിത് സിങ്ങാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ക്ക് പ്രിതമാണ് ഈണം നല്‍കിയിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന കേസരിയ എന്ന ഗാനം ഇതിനോടകം തന്നെ തരംഗമാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തുടക്കവും തയ്യാറെടുപ്പുകളും വിവരിച്ച് ഒരു വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു.

സംവിധായകന്‍ അയന്‍ മുഖര്‍ജിയാണ് ബ്രഹ്മാസ്ത്രയെ കുറിച്ച് വീഡിയോയില്‍ സംസാരിക്കുന്നത്. ബ്രഹ്മാസ്ത്രയുടെ ആശയം തനിക്ക് 2011ല്‍ കിട്ടിയതാണ് എന്ന് അയന്‍ മുഖര്‍ജി പറയുന്നു. 2013ല്‍ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ജോലികള്‍ താന്‍ തുടങ്ങിയതാണെന്നും ഇന്ത്യയുടെ മോസ്റ്റ് അംബീഷ്യസ് സിനിമ ആണിതെന്നുമാണ് അയന്‍ മുഖര്‍ജി പറയുന്നത്.

ശിവ എന്ന കഥാപാത്രത്തെ രണ്‍ബീര്‍ അവതരിപ്പിക്കുമ്പോള്‍ ഇഷ എന്ന നായിക കഥാപാത്രമായിട്ട് ആലിയ ഭട്ട് ആണ് അഭിനയിക്കുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ബ്രഹ്മാസ്ത്ര എത്തുക. അമിതാഭ് ബച്ചനും നാഗാര്‍ജുനയും മൗനി റോയിയും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹുസൈന്‍ ദലാലും അയന്‍ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ്.എസ്. രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ബ്രഹ്മാസ്ത്ര അവതരിപ്പിക്കുക. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്മാസ്ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്.

Content Highlight: deva deva song from brahmastra movie