നര്‍മത്തില്‍ പൊതിഞ്ഞ അന്വേഷണം കൊള്ളാം... ഇതൊരു ധ്യാൻ ശ്രീനിവാസൻ ചിത്രം
Film Review
നര്‍മത്തില്‍ പൊതിഞ്ഞ അന്വേഷണം കൊള്ളാം... ഇതൊരു ധ്യാൻ ശ്രീനിവാസൻ ചിത്രം
ശരണ്യ ശശിധരൻ
Saturday, 24th May 2025, 5:21 pm

ചെറിയ മോഷണങ്ങള്‍ മാത്രം നടക്കുന്ന കഴിഞ്ഞ 50 വര്‍ഷമായി വലിയ കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത പ്ലാച്ചിക്കാവ് എന്ന കൊച്ചുഗ്രാമത്തില്‍ പെട്ടെന്നൊരു കൊലപാതകം നടക്കുന്നു. പിന്നീട് അതൊരു കൊലപാതക പരമ്പരയായി മാറുന്നു.

ഒരു കൊലപാതകം നടന്നാല്‍ അടുത്തത് എന്ത് എന്നുപോലും അറിയാത്ത പൊലീസുകാരാണ് പ്ലാച്ചിക്കാവിലുള്ളത്. അങ്ങനെ അവര്‍ ആശ്രയിക്കുന്നത് നാട്ടിലെ കൊച്ചുകൊച്ചു മോഷണങ്ങള്‍ മാത്രം കണ്ടുപിടിക്കുന്ന ഉജ്ജ്വലനെയാണ്.

ഇരുട്ടില്‍ പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന പ്രത്യേകിച്ച് ജോലിക്കൊന്നും പോകാത്ത, കുറ്റാന്വേഷണ ബുക്കുകളും സിനിമകളും കണ്ടിരിക്കുന്ന വ്യക്തിയാണ് ഉജ്ജ്വലന്‍.

നാട്ടിലെ ചെറിയ കേസുകള്‍ മാത്രം അന്വേഷിച്ച് മടുത്ത ഉജ്ജ്വലന്‍ കേസ് ഏറ്റെടുക്കുമെങ്കിലും പിന്നീട് ഒന്നും ചെയ്യാനാകാതെ നില്‍ക്കുന്നിടത്താണ് കേസ് അന്വേഷിക്കുന്നതിനായി മറ്റൊരു പൊലീസ് ഓഫീസര്‍ എത്തുന്നത്. പിന്നീട് എന്ത് സംഭവിക്കും? കേസ് ആര് കണ്ടുപിടിക്കും? ആരാണ് കൊലപാത പരമ്പരകള്‍ ചെയ്യുന്നത്? എന്തിന് വേണ്ടിയാണ് ചെയ്യുന്നത്? ഇതൊക്കെ അറിയാന്‍ സിനിമ തിയേറ്ററില്‍ പോയി കാണണം.

സാധാരണ ത്രില്ലര്‍ ചിത്രങ്ങളെ സമീപിക്കുന്നതുപൊലെ ഈ ചിത്രം കാണാന്‍ പോയാല്‍ നിങ്ങള്‍ക്ക് നിരാശയായിരിക്കും ഫലം. നര്‍മത്തില്‍ പൊതിഞ്ഞ കുറ്റാന്വേഷണമാണ് ചിത്രത്തിലുടനീളം കാണിക്കുന്നത്. കേസിനൊപ്പം സഞ്ചരിക്കുന്നതിനൊപ്പം നിങ്ങള്‍ക്ക് ചിരിക്കാനും പറ്റും.

ഡിറ്റക്ടീവ് ഉജ്ജ്വലനായി ധ്യാന്‍ ശ്രീനിവാസന്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചു. സിജു വില്‍സന്‍, കോട്ടയം നസീര്‍, സീമ ജി. നായര്‍, നിര്‍മല്‍ പാലാഴി എന്നിവരോടൊപ്പം യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയരായ അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

രാഹുല്‍ ജി, ഇന്ദനീല്‍ ജി.കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍ നിര്‍മിച്ചിരിക്കുന്നത്. മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ വരുന്ന രണ്ടാമത്തെ ചിത്രമാണിത്. അടുത്ത ചിത്രത്തിന്റെ സൂചനയും ചിത്രം നല്‍കുന്നുണ്ട്. അത് കാണണമെങ്കില്‍ അണിയറക്കാര്‍ അഭ്യര്‍ത്ഥിച്ചതുപോലെ എന്‍ഡ് ക്രെഡിറ്റ് വരെ നിങ്ങള്‍ കാത്തിരിക്കണം. മറ്റ് ധ്യാൻ ശ്രീനിവാസൻ ചിത്രങ്ങളിൽ നിന്നും, മറ്റ് ത്രില്ലർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍.

എന്തായാലും സിനിമ കൊള്ളാം. പ്രേക്ഷകനെ ബോറടിപ്പിക്കാതെ തിയേറ്ററില്‍ കാണാനുള്ള വകുപ്പ് സിനിമക്കുണ്ട്. ചമന്‍ ചാക്കോയുടെ എഡിറ്റിഡ് ചിത്രത്തിനെ മികച്ചാതാക്കുന്നുണ്ട്. തൊണ്ണൂറുകളിലെ കഥാപശ്ചാത്തലം മികച്ചതാക്കാന്‍ ആര്‍ട്ടിനും വസ്ത്രാലങ്കാരത്തിനും സാധിച്ചിട്ടുണ്ട്. ചിത്രത്തിന് യോജിച്ച പാട്ടുകൾ തന്നെയായിരുന്നു ആർസി നൽകിയത്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇവരുടെ ആദ്യമലയാള ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍.

Content Highlight: Detective Ujjwalan Movie Review

ശരണ്യ ശശിധരൻ
ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം