കപ്പടിച്ചിട്ടും 'ചരിത്രമെഴുതാതെ' പി.എസ്.ജി; ചിത്രത്തിലില്ലാഞ്ഞിട്ടും ചര്‍ച്ചയായി ബാഴ്‌സയും ബയേണും
Sports News
കപ്പടിച്ചിട്ടും 'ചരിത്രമെഴുതാതെ' പി.എസ്.ജി; ചിത്രത്തിലില്ലാഞ്ഞിട്ടും ചര്‍ച്ചയായി ബാഴ്‌സയും ബയേണും
ആദര്‍ശ് എം.കെ.
Thursday, 14th August 2025, 4:32 pm
എന്നാല്‍ ക്ലബ്ബ് വേള്‍ഡ് കപ്പ് വിജയിക്കാന്‍ സാധിക്കാതെ പോയത് പി.എസ്.ജിയുടെ ഏറ്റവും വലിയ ദൗര്‍ഭാഗ്യമായി ഇപ്പോള്‍ അടയാളപ്പെടുത്തപ്പെടുകയാണ്. ഒരുപക്ഷേ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലില്‍ ചെല്‍സിയെ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയിരുന്നെങ്കില്‍ ഒരു സീസണില്‍ സാധ്യമായ എല്ലാ കിരീടവും നേടുന്ന ടീം എന്ന ചരിത്ര നേട്ടം പി.എസ്.ജിയുടെ പേരിലും കുറിക്കപ്പെടുമായിരുന്നു.

ചരിത്രലാദ്യമായി നേടിയ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് കൂട്ടായി യുവേഫ സൂപ്പര്‍ കപ്പും തങ്ങളുടെ ഷെല്‍ഫിലെത്തിച്ചാണ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ തങ്ങളുടെ ആരാധകരോടുള്ള വാക്ക് പാലിച്ചത്. യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ തകര്‍ത്താണ് പാരീസിയന്‍സ് കിരീടമുയര്‍ത്തിയത്.

മത്സരത്തിന്റെ 85ാം മിനിട്ടിലും രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പി.എസ്.ജിയുടെ ഗംഭീര തിരിച്ചുവരവ്. 85ാം മിനിട്ടില്‍ ലീ കാങ്-ഇന്നിലൂടെ അക്കൗണ്ട് തുറന്ന പി.എസ്.ജി 90+4ാം മിനിട്ടില്‍ ഗോണ്‍സാലോ റാമോസിലൂടെ ഈക്വലൈസര്‍ ഗോളും കണ്ടെത്തി.

തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ 4-3ന് ഇംഗ്ലീഷ് പടയെ വീഴ്ത്തി പി.എസ്.ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ യുവേഫ സൂപ്പര്‍ കപ്പും മൂന്നാം യൂറോപ്യന്‍ കിരീടവും (1996ലെ യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് അടക്കം) ഈഫല്‍ ടവറിന്റെ നാട്ടിലെത്തിച്ചു.

സൂപ്പര്‍ കപ്പും വിജയിച്ചതോടെ പാരീസിയന്‍സ് ഐക്കോണിക് ക്വിന്റിപ്പിള്‍ നേട്ടവും പൂര്‍ത്തിയാക്കി. ഈ സീസണിലെ ഡൊമസ്റ്റിക് ട്രെബിളിനൊപ്പം രണ്ട് യുവേഫ കിരീടങ്ങളും സ്വന്തമാക്കിയാണ് പി.എസ്.ജി സീസണില്‍ തങ്ങളുടെ കിരീടനേട്ടം അഞ്ചാക്കി ഉയര്‍ത്തിയത്.

റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ പി.എസ്.ജി, ഈ വര്‍ഷമാദ്യം എതിരില്ലാത്ത ഒരു ഗോളിന് മൊണോക്കോയെ തകര്‍ത്ത് ഫ്രഞ്ച് സൂപ്പര്‍ കപ്പും തങ്ങളുടെ പാളയത്തിലെത്തിച്ചു. ലീഗ് വണ്ണില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു പാര്‍ക് ഡെസ് പ്രിന്‍സസിലേക്ക് ഒരിക്കല്‍ക്കൂടി ഫ്രഞ്ച് ലീഗ് കിരീടമെത്തിയത്.

ഫ്രഞ്ച് സൂപ്പര്‍ കപ്പുമായി പി.എസ്.ജി പരിശീലകന്‍ ലൂയീസ് എന്റിക്വ്‌

കരുത്തരായ എഫ്.സി ബാഴ്‌സലോണയെ 7-6 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ തളച്ചെത്തിയ ഇന്റര്‍ മിലാനായിരുന്നു ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പി.എസ്.ജിയുടെ എതിരാളികള്‍. യു.സി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഡോമിനേറ്റിങ്ങായ ഫൈനലിനാണ് ജര്‍മനിയിലെ അലയന്‍സ് അരീന സാക്ഷ്യം വഹിച്ചത്. എതിരില്ലാത്ത അഞ്ച് ഗോളിന് നീലപ്പടയെ ഇറ്റലിയിലേക്ക് കെട്ടുകെട്ടിച്ച് കപ്പുയര്‍ത്തിയ പി.എസ്.ജി ഇപ്പോള്‍ സൂപ്പര്‍ കപ്പും തങ്ങളുടെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു.

യു.സി.എല്‍ കിരീടവുമായി

എന്നാല്‍ ക്ലബ്ബ് വേള്‍ഡ് കപ്പ് വിജയിക്കാന്‍ സാധിക്കാതെ പോയത് പി.എസ്.ജിയുടെ ഏറ്റവും വലിയ ദൗര്‍ഭാഗ്യമായി ഇപ്പോള്‍ അടയാളപ്പെടുത്തപ്പെടുകയാണ്. ഒരുപക്ഷേ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലില്‍ ചെല്‍സിയെ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയിരുന്നെങ്കില്‍ ഒരു സീസണില്‍ സാധ്യമായ എല്ലാ കിരീടവും നേടുന്ന ടീം എന്ന ചരിത്ര നേട്ടം പി.എസ്.ജിയുടെ പേരിലും കുറിക്കപ്പെടുമായിരുന്നു.

പുരുഷ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇതുവരെ രണ്ടേ രണ്ട് ടീമുകള്‍ക്ക് മാത്രം സാധ്യമായ നേട്ടമാണ് ക്ലബ്ബ് വേള്‍ഡ് കപ്പ് തോല്‍വിക്ക് പിന്നാലെ പാരീസിയന്‍സിന് സ്വന്തമാക്കാന്‍ സാധിക്കാതെ പോയത്.

ഡൊമസ്റ്റിക് ട്രബിളിനൊപ്പം (ഡൊമസ്റ്റിക് ലീഗ്, ഡൊമസ്റ്റിക് കപ്പ്, ഡൊമസ്റ്റിക് സൂപ്പര്‍ കപ്പ്) രണ്ട് യൂറോപ്യന്‍ കിരീടങ്ങളും (യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്), ക്ലബ്ബ് വേള്‍ഡ് കപ്പുമാണ് ഒരു ടീമിന് സെക്‌സ്റ്റപ്പിള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്.

യൂറോപ്പിലെ ടോപ്പ് ടയര്‍ ലീഗുകളിലെ ടീമുകള്‍ക്ക് സെക്‌സറ്റപ്പിള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട കിരീടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം,

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഇംഗ്ലണ്ട്) – പ്രീമിയര്‍ ലീഗ് കിരീടം, എഫ്.എ കപ്പ്, ഇ.എഫ്.എല്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്.

ലാ ലിഗ (സ്‌പെയ്ന്‍) – ലാ ലിഗ കിരീടം, കോപ്പ ഡെല്‍ റേ, സൂപ്പര്‍ കോപ്പ ഡ എസ്പാന, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്.

ബുണ്ടസ് ലീഗ (ജര്‍മനി) – ബുണ്ടസ് ലീഗ കിരീടം, ഡി.എഫ്.ബി പോക്ല്‍, ഡി.എഫ്.എല്‍ സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്.

സീരി എ (ഇറ്റലി) – സീരി എ കിരീടം, കോപ്പ ഇറ്റാലിയ, സൂപ്പര്‍ കോപ്പ ഇറ്റാലിയാന, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്.

ലീഗ് വണ്‍ (ഫ്രാന്‍സ്) – ലീഗ് വണ്‍ കിരീടം, കൂപ് ഡി ഫ്രാന്‍സ്, കൂപ് ഡെ ലാ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്.

2009ല്‍ ബാഴ്‌സലോണയാണ് പുരുഷ ഫുട്‌ബോളില്‍ ചരിത്രത്തിദ്യമായി സെക്‌സറ്റപ്പിള്‍ നേട്ടം പൂര്‍ത്തിയാക്കിയത്. ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴിലാണ് ബാഴ്‌സ തങ്ങളുടെ സെക്‌സ്റ്റപ്പിള്‍ കംപ്ലീറ്റ് ചെയ്തത്.

ചിത്രത്തിന് കടപ്പാട് 433

ലാ ലിഗ, കോപ്പ ഡെല്‍ റേ, സൂപ്പര്‍ കോപ്പ ഡ എസ്പാന എന്നിങ്ങനെ ഡൊമസ്റ്റിക് ട്രബിള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സ രണ്ട് യൂറോപ്യന്‍ കിരീടങ്ങളും (യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്) സീസണില്‍ ക്യാമ്പ് നൗവിലെത്തിച്ചു. അര്‍ജന്റൈന്‍ ശക്തികളായ എസ്റ്റൂഡിയന്റ്‌സിനെ പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ മുത്തമിട്ടത്. കറ്റാലന്‍മാരുടെ ആദ്യ ക്ലബ്ബ് വേള്‍ഡ് കപ്പ് വിജയം കൂടിയായിരുന്നു അത്.

അസാധ്യമായതെന്ന് വിശ്വസിച്ച ഈ നേട്ടത്തില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ടീം കൂടിയെത്തി. 2020ല്‍ ബയേണ്‍ മ്യൂണിക്. നേടാനാകുന്ന ആറ് കിരീടങ്ങളും ഹാന്‍സി ഫ്‌ളിക്കിന്റെ കുട്ടികള്‍ അലയന്‍സ് അരീനയിലെത്തിച്ചു.

ചിത്രത്തിന് കടപ്പാട് 433

ബുണ്ടസ് ലീഗ, ഡി.എഫ്.ബി പോക്ല്‍ (ജര്‍മന്‍ കപ്പ്), ഡി.എഫ്.എല്‍ സൂപ്പര്‍ കപ്പ് (ജര്‍മന്‍ സൂപ്പര്‍ കപ്പ്) എന്നിങ്ങനെ ഡൊമസ്റ്റിക് ട്രെബിളിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നീ കിരിടങ്ങളും ടീം സ്വന്തമാക്കി.

2029ലാണ് അടുത്ത ക്ലബ്ബ് വേള്‍ഡ് കപ്പിന് കളമൊരുങ്ങുന്നത് എന്നതിനാല്‍ തന്നെ ഇനിയുള്ള മൂന്ന് വര്‍ഷക്കാലം സെക്‌സറ്റപ്പിള്‍ ജേതാക്കള്‍ പിറവിയെടുക്കാനും സാധ്യതയില്ല.

കാത്തിരിക്കാം 2029 വരെ, ചരിത്രം വീണ്ടും പിറക്കില്ലെന്ന് ആര്‍ക്ക് പ്രവചിക്കാന്‍ സാധിക്കും.

 

Content Highlight: Despite winning the UEFA Super Cup, PSG failed to complete the sextuple.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.