ഏതൊരു കക്ഷിയുടെയും ആഗ്രഹം അധികാരമാണ്, ലീഗിന് നിലവില്‍ മുന്നണി മാറ്റം ആവശ്യമില്ല: സാദിഖലി ശിഹാബ് തങ്ങള്‍
Kerala News
ഏതൊരു കക്ഷിയുടെയും ആഗ്രഹം അധികാരമാണ്, ലീഗിന് നിലവില്‍ മുന്നണി മാറ്റം ആവശ്യമില്ല: സാദിഖലി ശിഹാബ് തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2023, 9:37 am

കോഴിക്കോട്: മുസ്‌ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. അടുത്ത തവണ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച കൗണ്‍സില്‍ യോഗത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം മീഡിയാ വണിനോട് സംസാരിക്കുകയായിരുന്നു.

ലീഗ് കാലങ്ങളോളം മാറി മാറി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണെന്നും അധികാരമില്ലെന്ന് കരുതി ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഏതൊരു കക്ഷിയും ആഗ്രഹിക്കുന്നത് അധികാരം നേടിയെടുക്കാനാണ്. അധികാരം നേടിയെടുത്ത് അതിന്റെ ശീത സുഖം അനുഭവിക്കാനല്ല. മറിച്ച് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനാണ്.

സമുദായത്തിനും സമൂഹത്തിനും പ്രദേശത്തിനുമൊക്കെ ആവശ്യമുള്ള അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ അധികാരം ആവശ്യമാണ്. ആ നിലക്ക് പതിറ്റാണ്ടുകളോളം അധികാരത്തില്‍ മാറി മാറി ഇരുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.

ആ സയത്തൊക്കെയും പക്ഷപാതമില്ലാതെ എല്ലാവരോടും സൗഹൃദം പങ്കിട്ട് എല്ലാവരുടെയും അവകാശം വകവെച്ച് പ്രവര്‍ത്തിക്കാന്‍ ലീഗിന് സാധിച്ചിട്ടുണ്ട്,’ തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം ലീഗിനെയും സമസ്തയെയും തെറ്റിക്കാന്‍ ഒരു പാര്‍ട്ടിക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്തയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വം നിലനിര്‍ത്തലാണ് ലീഗിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ചെന്നൈ രാജാജി ഹാളിന് സമീപം നടക്കുന്ന പരിപാടി ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സംസാരിക്കും. വൈകിട്ട് കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥി.

content highlight: Desire of any party is power, no change of front needed at present: Sadiqali Shihab Thangal