വി.ബി. ചെറിയാന്റെ ലേഖനം ദേശാഭിമാനിയില്‍
Kerala
വി.ബി. ചെറിയാന്റെ ലേഖനം ദേശാഭിമാനിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2012, 8:15 am

കൊച്ചി: സി.പി.ഐ.എമ്മില്‍ നിന്ന് പുറത്തായ സി.ഐ.ടി.യു നേതാവ് വി.ബി ചെറിയാന്റെ ലേഖനം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍. ശാസ്ത്രസംബന്ധിയായ ദൈവകണം എന്ന തുടര്‍ലേഖനത്തിന്റെ ആദ്യ ഭാഗമാണ് ദേശാഭിമാനി പത്രാധിപ പേജില്‍ പ്രസിദ്ധീകരിച്ചത്.[]

ദൈവകണം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഭൗതികശാസ്ത്ര പുരോഗതിയെ വിലയിരുത്തി മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി വര്‍ധിച്ചെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ലേഖനം.

വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ.എം നേതൃത്വത്തിന്റെ തലപ്പത്തിരിക്കുന്ന സമയത്താണ് വി.ബി ചെറിയാന്‍ ഉള്‍പ്പടെയുള്ള സി.ഐ.ടി.യു നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.

പാര്‍ട്ടി അച്ചടക്ക നടപടി വകവെയ്ക്കില്ലെന്ന വി.എസിന്റെ പ്രസ്താവയെ തുടര്‍ന്നുണ്ടായ ചാനല്‍ചര്‍ച്ചകളില്‍ വി.എസിന് ഇനി പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും വി.എസിന് ചുറ്റുമുള്ളത് വെറും ആള്‍ക്കൂട്ടമാണെന്നും വി.ബി ചെറിയാന്‍ പ്രതികരിച്ചിരുന്നു.

വി.എസിനെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ പാര്‍ട്ടി പത്രം വി.ബി ചെറിയാന്റെ ലേഖനം പ്രസിദ്ധീകരിച്ചതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.