കുട്ടികളുണ്ടായ വാര്‍ത്ത കണ്ട് വിവാഹത്തീയതി തിരഞ്ഞ് പോകുന്നവര്‍; നയന്‍സിന്റെയും വിഘ്‌നേഷിന്റെയും പോസ്റ്റുകള്‍ക്കെതിരെ അധിക്ഷേപ കമന്റുകള്‍
Entertainment news
കുട്ടികളുണ്ടായ വാര്‍ത്ത കണ്ട് വിവാഹത്തീയതി തിരഞ്ഞ് പോകുന്നവര്‍; നയന്‍സിന്റെയും വിഘ്‌നേഷിന്റെയും പോസ്റ്റുകള്‍ക്കെതിരെ അധിക്ഷേപ കമന്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th October 2022, 10:47 pm

ഇരട്ടക്കുട്ടികളുണ്ടായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് തെന്നിന്ത്യന്‍ താരജോഡികളായ നയന്‍താരയും വിഘ്നേഷ് ശിവനും പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റുകള്‍ക്കും അതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കും താഴെ വ്യാപക സൈബറാക്രമണം.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു വിഘ്‌നേഷിന്റെയും മലയാളികളുടെ സ്വന്തം നയന്‍സിന്റെയും താരവിവാഹം. ഇപ്പോള്‍ വാടക ഗര്‍ഭധാരണ രീതിയിലൂടെയാണ് (surrogacy) ഇരുവരും അച്ഛനമ്മമാരായതെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ താരദമ്പതികളെ തീര്‍ത്തും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറയുന്നത്.

സില്‍മ പോലെ തന്നെ പാട്ട് കഴിഞ്ഞപ്പൊ കുട്ടികളും ആയി, എന്നാലും നാല് മാസത്തില്‍, ഇതെന്തോന്ന് ദിവ്യ ഗര്‍ഭമോ, ഒരു കുട്ടിക്ക് ഒമ്പതുമാസം രണ്ട് കുട്ടികളായത് കൊണ്ട് അവര്‍ ഷെയര്‍ ചെയ്ത് നാലര മാസം, മാസം തികയാതെയായിരിക്കും, വാര്‍ത്ത കേട്ട് ബോധം പോയി വിഘ്‌നേഷ്,

ഷൂട്ടിങ് നേരത്തെ തുടങ്ങിയിരുന്നത് കൊണ്ട് പെട്ടെന്ന് റിലീസായി, കല്യാണത്തിന് മുമ്പേ കാറ്റ് വീശിയപ്പോള്‍ ഉണ്ടായതായിരിക്കും, സിനിമയല്ലേ എല്ലാം രണ്ടര മണിക്കൂറില്‍ തീരും, തമിഴകത്തൊക്കെ ഇങ്ങനെയാണോ മൂന്നുനാല് മാസം കഴിയുമ്പോള്‍ കുട്ടികളുണ്ടാകുമോ, നേരത്തെ ഷൂട്ടിങ് കഴിഞ്ഞതിനാല്‍ അധികം പ്രയത്‌നിക്കേണ്ടി വന്നില്ല,

കല്യാണം കഴിഞ്ഞ് തായ്ലന്‍ഡില്‍ പോയി വന്നപ്പോ ദേ രണ്ടിന്റെ കൈയിലും ഓരോ ട്രോഫികള്‍. ഇന്റര്‍നെറ്റ് യുഗം അല്ലാതെന്താ, ഒരു വെടിക്ക് രണ്ട് പക്ഷികള്‍, ഇത്ര പെട്ടന്ന് കുട്ടികളോ സിനിമലോകം അല്ലെ ചിലപ്പോള്‍ നടക്കും, ഈ ഗര്‍ഭം എന്റേതല്ലതെന്ന് വിഘ്‌നേശ് ശിവന്‍, കണക്ക് ശരിയാവുന്നില്ലല്ലോ, പഴയ ഗര്‍ഭം കിടന്നത് കൊണ്ട് കൂടുതല്‍ അധ്വാനിക്കേണ്ടിവന്നില്ല, സീരിയല്‍ നടികളുടെ ഗര്‍ഭകാലം 50 മാസവും, സിനിമാ നടികളുടെ ഗര്‍ഭകാലം അഞ്ച മാസവുമാണ് – എന്നിങ്ങനെയാണ് എന്നിങ്ങനെയാണ് നയന്‍സിനെയും വിഘ്‌നേഷിനെയും അധിക്ഷേപിച്ചുകൊണ്ട് വരുന്ന കമന്റുകള്‍.

അതേസമയം, താരങ്ങള്‍ക്ക് പിന്തുണ നല്‍കിയും അച്ഛനമ്മമാരായതില്‍ ആശംസയറിയിച്ചുകൊണ്ടും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

അല്‍പസമയം മുമ്പായിരുന്നു തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ നയന്‍താരയും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ സഹിതം പങ്കുവെച്ചത്.

നയന്‍താരക്ക് ഒഫീഷ്യലായി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്ല.

”അമ്മ ആന്‍ഡ് അപ്പ, #wikkinayan. ഇരട്ട ആണ്‍കുട്ടികള്‍. ഉയിര്‍ ആന്‍ഡ് ഉലകം. അനുഗ്രഹിക്കപ്പെട്ടു,” എന്നായിരുന്നു നയന്‍താര ട്വീറ്റ് ചെയ്തത്.

”നയനും ഞാനും അമ്മയും അച്ഛനുമായിരിക്കുന്നു. ഇരട്ട ആണ്‍കുട്ടികളാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ഞങ്ങളുടെ പ്രാര്‍ത്ഥനകളും പൂര്‍വികരുടെ അനുഗ്രഹങ്ങളുമെല്ലാം ചേര്‍ന്ന് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു.

ഞങ്ങളുടെ ഉയിരിനും (Uyir) ഉലകത്തിനും (Ulagam) നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം,” വിഘ്നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചു.

Content Highlight: derrogatory comments against Nayanthara and Vignesh Shivan for declaring parenthood