നിയമസഭയില്‍ നിരോധിത പുകയില ഉപയോഗിച്ച് ബീഹാര്‍ ഉപമുഖ്യമന്ത്രി; പരിഹസിച്ച് പ്രതിപക്ഷം
India
നിയമസഭയില്‍ നിരോധിത പുകയില ഉപയോഗിച്ച് ബീഹാര്‍ ഉപമുഖ്യമന്ത്രി; പരിഹസിച്ച് പ്രതിപക്ഷം
നിഷാന. വി.വി
Friday, 20th February 2026, 7:37 am

പാട്‌ന: ബീഹാര്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാമ്രാട്ട് ചൗധരി നിരോധിത പുകയില ഉത്പന്നം ഉപയോഗിക്കുന്നതായുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.

സഭയിലിരുന്ന് ചൗധരി തന്റെ കൈയില്‍ ഒരു വസ്തു വെച്ച് തിരുമ്മുകയും അത് വായില്‍ വെക്കുന്നതുമായാണ് വീഡിയോയിലുള്ളത്.

നിയമസഭയ്ക്കുളളില്‍ ഉപമുഖ്യമന്ത്രി ഖൈനി (പുകയില ) തയ്യാറാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമാണ് വീഡിയോ പങ്കുവെച്ചത്.

പുകയില തിരുമ്മുന്നതില്‍ ഉപമുഖ്യമന്ത്രിക്ക് പി.എച്ച്.ഡി ഉണ്ടോയെന്ന് ചോദിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം.

വീഡിയോ ഇതിനോടകം തന്നെ വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്. നേതാക്കളുടെ പെരുമാറ്റം സമൂഹത്തിന് മാതൃകയാവേണ്ടതാണെന്നും മന്ത്രി തന്നെ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യുന്നത് ദേശീയ തലത്തില്‍ ബീഹാറിന്റെ അന്തസ് കെടുത്തിയെന്നും പ്രതിപക്ഷം പറഞ്ഞു.

നിയമ സഭയ്ക്കുളളില്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ചട്ട വിരുദ്ധമാണെന്ന് കാണിച്ച് സ്പീക്കറുടെ ഇടപെടലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ലഹരിക്കെതിരെ സംസാരിക്കുന്നവര്‍ തന്നെ സഭയില്‍ പുകയില ഉപയോഗിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചൗധരി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. ഇത് വിവാദത്തിന് ആക്കം കൂട്ടി.

എന്നാല്‍ ഉപമുഖ്യമന്ത്രി പുകയില ഉപയോഗിച്ചിട്ടില്ലെന്നും ഏലയ്ക്കയോ മൗത്ത് ഫ്രഷ്‌നറോ ആകാം ഉപയോഗിച്ചതെന്നുമാണ് ചൗധരിയുടെ അനുയായികളുടെ വാദം.

വിഷയത്തില്‍ സാമ്രാട്ട് ചൗധരി പ്രതികരിച്ചിട്ടില്ല.

Content Highlight: Deputy Chief Minister uses banned tobacco in the Assembly; Opposition mocks

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.