World
നെതന്യാഹു വലിയ പ്രശ്‌നക്കാരനായി മാറിയിരിക്കുന്നു; ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഡെന്‍മാര്‍ക്ക്
കോപ്പന്‍ഗെര്‍ഗന്‍: ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ഡെന്‍മാര്‍ക്ക്. ഗസയില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈല്‍ ഭരണകൂടം വലിയ ദുരന്തം വിതയ്ക്കുകയാണെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ പറഞ്ഞു.
ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ഉപരോധങ്ങളും മറ്റ് തരത്തിലുള്ള ചില സമ്മര്‍ദ്ദങ്ങളും ചെലുത്താന്‍ ഡെന്‍മാര്‍ക്ക് ആലോക്കുന്നതായി മെറ്റ് ഫ്രെഡറിക്‌സെന്‍ പറഞ്ഞു.
‘ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോള്‍ സ്വയം ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗസയുടെ കാര്യത്തില്‍ ഇസ്രഈല്‍ ഭരണകൂടം ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു.
ഗസയിലെ ഭയാനകവും വിനാശകരവുമായ മാനുഷിക സാഹചര്യത്തെ അപലപിക്കുകയാണ്. മാത്രമല്ല അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പുതിയ കുടിയേറ്റ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ഇസ്രഈലിന്റെ നീക്കം അങ്ങേയറ്റം തെറ്റാണ്.
ഇസ്രഈലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഞങ്ങള്‍, പക്ഷേ ഇതുവരെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല,’ മെറ്റ് ഫ്രെഡറിക്‌സെന്‍ പറഞ്ഞു.
മന്ത്രിമാര്‍ക്കോ അല്ലെങ്കില്‍ ഇസ്രഈലിന് മൊത്തത്തിലോ രാഷ്ട്രീയ സമ്മര്‍ദ്ദം, ഉപരോധങ്ങള്‍ എന്നിവ ഏര്‍പ്പെടത്തണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മെറ്റ് ഫ്രെഡറിക്‌സെന്‍ പറഞ്ഞു.
‘ഞങ്ങള്‍ ഒന്നും തള്ളിക്കളയുന്നില്ല. റഷ്യയുടെ കാര്യത്തിലെന്നപോലെ, ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നിടത്ത് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്’ അവര്‍ പറഞ്ഞു.
അതേസമയം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഡെന്‍മാര്‍ക്ക് ഉള്‍പ്പെടുന്നില്ല.
2023 ഒക്ടോബര്‍ മുതല്‍ തുടങ്ങിയ ഇസ്രഈലിന്റെ വംശഹത്യയില്‍ 61,430 ലധികം ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിലവില്‍ ഫലസ്തീനില്‍ ഇസ്രഈല്‍ ബോംബാക്രമണം തുടരുകയാണ്.
ശനിയാഴ്ച രാവിലെ മധ്യ, തെക്കന്‍ ഗസയില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ എട്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
മധ്യ ഗസ മുനമ്പിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു വീട് ലക്ഷ്യമിട്ട് സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടതായി അല്‍-ഔദ ആശുപത്രിയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.
Denmark considering sanctions against Israel as EU presidency holder