നുക്ക്ൽ: ഗ്രീൻലാൻഡ് വാങ്ങുമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശത്തിന് പിന്നാലെ ഗ്രീൻലാൻഡ് വില്പനക്കില്ല പകരം കാലിഫോർണിയ വാങ്ങാം എന്ന ക്യാമ്പയിനുമായി ഡെൻമാർക്ക് പൗരന്മാർ. ക്യാമ്പയിനിൽ കാലിഫോർണിയ വാങ്ങാം എന്ന നിവേദനത്തിൽ രണ്ട് ലക്ഷത്തിലധികം ഡെൻമാർക്ക് പൗരന്മാർ ഒപ്പ് വെച്ചു. ‘ഡെൻമാർക്കിഫിക്കേഷൻ’ എന്ന് അറിയപ്പെടുന്ന ഈ ക്യാമ്പയിൻ , അമേരിക്കയിൽ നിന്ന് കാലിഫോർണിയ വാങ്ങാൻ വൺ ട്രില്യൺ ഡോളർ സമാഹരിക്കുമെന്നും പ്രചാരകർ പറഞ്ഞു.
‘നിങ്ങൾ എപ്പോഴെങ്കിലും ഭൂപടം നോക്കി ചിന്തിച്ചിട്ടുണ്ടോ? ഡെൻമാർക്കിന് എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാമോ, കൂടുതൽ സൂര്യപ്രകാശം, ഈന്തപ്പനകൾ, റോളർ സ്കേറ്റുകൾ’. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒരു അവസരം ലഭിച്ചിരിക്കുകയാണ് അതെ നമുക്ക് ഡൊണാൾഡ് ട്രംപിൽ നിന്ന് കാലിഫോർണിയ വാങ്ങാം,’ ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള നിവേദനത്തിൽ ക്യാമ്പയിൻ പ്രചാരകർ പറഞ്ഞു.
നിവേദനം പുറത്ത് വിട്ട വെബ്സൈറ്റിന് മുകളിൽ മേക്ക് കാലിഫോർണിയ ഗ്രേറ്റ് എഗൈൻ എന്ന മുദ്രാവാക്യവും എഴുതിചേർത്തിട്ടുണ്ട്. കാലിഫോർണിയയെ എന്തു കൊണ്ട് ‘ന്യൂ ഡെൻമാർക്ക്’ ആക്കുവാൻ ആഗ്രഹിക്കുന്നുവെന്നതിന്റെ കാരണങ്ങളും വെബ്സൈറ്റിൽ എഴുതി ചേർത്തിട്ടുണ്ട്.
കാലിഫോർണിയയിൽ വലിയ താത്പര്യം കാണിക്കാത്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാലിഫോർണിയ ശരിയായ വിലയ്ക്ക് വിൽക്കാൻ തയാറാകുമെന്നും ക്യാമ്പയിൻ പ്രചാരകർ പറഞ്ഞു. കാലിഫോർണിയ ഡെൻമാർക്കിന്റെ ഭാഗമായാൽ ഹോളിവുഡിലേക്ക് ഹൈജും ബെവർലി ഹിൽസിലേക്ക് ബൈക്ക് ലെയിനുകളും എല്ലാ തെരുവുകളിലേക്കും ഓർഗാനിക് സ്മോറെബ്രൂഡും ഞങ്ങൾ കൊണ്ടുവരും ഡെൻമാർക്ക് പറഞ്ഞു.
കാലിഫോർണിയയെ യൂണിയനിലെ ഏറ്റവും മോശം സംസ്ഥാനമെന്നാണ് ട്രംപ് അഭിസംബോധന ചെയ്തിരുന്നത്. കാലിഫോർണിയയിലെ നേതാക്കളുമായി കാലങ്ങളായി ട്രംപ് വഴക്കിടുകയും ചെയ്തിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ വേണ്ടി കാലിഫോർണിയൻ ഗവർണർ 50 മില്യൺ ഡോളർ അനുവദിച്ച് നൽകിയിരുന്നു. ലോസ് ആഞ്ചലസിലെ കാട്ടുതീയുടെ പശ്ചാത്തലത്തിൽ കാലിഫോർണിയയ്ക്ക് അനുവദിക്കുന്ന ഫണ്ട് തടയാനുള്ള നടപടി താൻ സ്വീകരിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
സാമ്പത്തിക സുരക്ഷയ്ക്കായി യു.എസിന് സ്വയംഭരണ പ്രദേശം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി 2019 മുതൽ ഗ്രീൻലൻഡ് വാങ്ങണമെന്ന ആവശ്യം ട്രംപ് ഉന്നയിക്കുന്നുണ്ട്.
ജനുവരിയിൽ ഡെൻമാർക്കിലെ ഒരു ടെലിവിഷനിൽ സംസാരിക്കവെ, ഗ്രീൻലൻഡ് വിൽപ്പനയ്ക്കുള്ളതല്ല എന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ പറഞ്ഞു, ഡാനിഷ് സർക്കാരിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, ഗ്രീൻലാൻഡ് ഗ്രീൻലാൻഡുകാരുടേത് മാത്രമാണെന്നും മെറ്റ് ഫ്രെഡറിക്സെൻ കൂട്ടിച്ചേർത്തു.