പ്രസവാവധിയെടുത്തതിന്റെ പേരില്‍ പ്രമോഷന്‍ നിഷേധിച്ചു; മാതൃഭൂമിയിലെ വിവേചനം വെളിപ്പെടുത്തി മുന്‍ ജീവനക്കാരി
Kerala News
പ്രസവാവധിയെടുത്തതിന്റെ പേരില്‍ പ്രമോഷന്‍ നിഷേധിച്ചു; മാതൃഭൂമിയിലെ വിവേചനം വെളിപ്പെടുത്തി മുന്‍ ജീവനക്കാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2025, 8:20 am

കോഴിക്കോട്: 15 വര്‍ഷത്തിലധികം മാതൃഭൂമിയില്‍ ജോലി ചെയ്ത വനിത മാധ്യമപ്രവര്‍ത്തകക്ക് പ്രസവാവധിയെടുത്തതിന്റെ പേരില്‍ പ്രമോഷന്‍ നിഷേധിച്ചതായി വെളിപ്പെടുത്തല്‍. അടുത്തിടെ മാതൃഭൂമിയില്‍ നിന്നും രാജിവെച്ച കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹി കൂടിയായിരുന്ന അഞ്ജന ശശിയാണ് തന്റെ സഹപ്രവര്‍ത്തകക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

അഞ്ജന ശശിയുടെ രാജിക്ക് കാരണക്കാരനായ എച്ച്.ആര്‍. സീനിയര്‍ ജനറല്‍ മാനേജര്‍ തന്നെയാണ് ഈ ജീവനക്കാരിയുടെയും പ്രമോഷന്‍ നിഷേധിച്ചതെന്ന് അഞ്ജന ശശി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സാധാരണ നിലയില്‍ മാതൃഭൂമിയില്‍ 10 വര്‍ഷം സബ്എഡിറ്ററായി ജോലി ചെയ്തവര്‍ക്ക് സീനിയര്‍ സബ്എഡിറ്ററായി പ്രമോഷന്‍ ലഭിക്കറുണ്ടെന്ന് 17 വര്‍ഷത്തോളം മാതൃഭൂമിയില്‍ ജോലി ചെയ്ത അഞ്ജന ശശി പറയുന്നു. എന്നാല്‍ പ്രസ്തുത ജീവനക്കാരിയുള്‍പ്പെടുന്ന ബാച്ചിന്റെ പ്രമോഷന്‍ എച്ച്.ആര്‍. മാനേജരുടെ പിടിപ്പുകേട് കാരണം 14 വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാകാത അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു.

പിന്നീട് ജൂനിയര്‍ ബാച്ചിന്റെ പ്രമോഷന്‍ നടപടികള്‍ക്കൊപ്പമാണ് ഈ ബാച്ചിന്റെയും പ്രമോഷന്‍ പരിഗണിക്കപ്പെട്ടത്. എന്നാല്‍ ഈ സമയത്ത് മെഡിക്കല്‍ ലീവിലുള്ളവരെ പ്രമോഷന് വേണ്ടി പരിഗണിക്കേണ്ടതില്ല എന്നായിരുന്നു മാതൃഭൂമിയുടെ നിലപാടെന്നും അഞ്ജന ശശി വെളിപ്പെടുത്തുന്നു.

പ്രമോഷന് വേണ്ടി എച്ച്.ആറിന്റെ നിര്‍ദേശ പ്രകാരം അപ്രൈസല്‍ ഇന്റര്‍വ്യൂ നടത്താന്‍ സ്ഥാപനം തീരുമാനിച്ചു. എന്നാല്‍ മെഡിക്കല്‍ ലീവിലുള്ളവരെ ഈ ഇന്റര്‍വ്യൂവിവ് പരിഗണിക്കേണ്ടതില്ലെന്നായിരുന്നു സ്ഥാപനത്തിന്റെ നിലപാട്. മെഡിക്കല്‍ ലീവിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നെങ്കിലും അത് സാധ്യമല്ല എന്ന നിലപാടാണ് മാതൃഭൂമി കൈക്കൊണ്ടതെന്നും അഞ്ജന ശശി പറയുന്നു.

മാത്രവുമല്ല, മെഡിക്കല്‍ ലീവ് എടുക്കാനല്ലല്ലോ ഇവര്‍ ജോലിക്ക് കയറിയത് എന്ന തീര്‍ത്തും പുച്ഛത്തോടെയുള്ള മറുപടിയാണ് എച്ച്.ആര്‍. മാനേജരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അഞ്ജന ശശിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രമോഷന്‍ ലഭിക്കണമെങ്കില്‍ പ്രസവാവധി അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന മാര്‍ഗമേ ഈ ജീവനക്കാരിക്ക് മുന്നിലുണ്ടായിരുന്നുള്ളൂവെങ്കിലും അവര്‍ പ്രമോഷന്‍ വേണ്ടെന്ന് വെച്ച് തന്റെ കുഞ്ഞിന് പ്രാധാന്യം നല്‍കുകയായിരുന്നു എന്നും അഞ്ജന പറയുന്നു. ഇക്കാരണത്താല്‍ മാത്രം പ്രസ്തുത ജീവനക്കാരി ഇപ്പോഴും തനിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് കീഴില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും അഞ്ജന പറയുന്നു.

ഇതേ എച്ച്.ആര്‍.മാനേജര്‍ തന്നെ തനിക്കെതിരെ പരാതി പറഞ്ഞ നിറഗര്‍ഭിണിയായ മറ്റൊരു വനിത ജീവനക്കാരിയെ കൊച്ചിയില്‍ നിന്നും ചികിത്സ സൗകര്യങ്ങള്‍ കുറഞ്ഞ തിരുവനന്തപുരത്തെ ഒരു ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയിരുന്നതായും അഞ്ജന ശശി പറയുന്നു.

അടിയന്തിര ഘട്ടത്തില്‍ ഡെസ്‌കിലേക്ക് എത്തേണ്ടി വന്ന മാതൃഭൂമി ന്യൂസിലെ ഒരു ജീവനക്കാരി കൈക്കുഞ്ഞുമായി വന്നതിന്റെ പേരില്‍ ഇതേ എച്ച്.ആര്‍. മാനേജര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അഞ്ജന ശശി വെളിപ്പെടുത്തുന്നു.

മാതൃഭൂമിയുടെ പേരിലെ ‘മാതൃ’ എന്ന ശബ്ദം മാതാവ് എന്ന വാക്കില്‍ നിന്ന് രൂപപ്പെട്ടതാണെന്നും അഞ്ജന ശശി ഓര്‍മപ്പെടുത്തുന്നു. അതിനാല്‍ തന്നെ പ്രസവാവധിയുടെ പേരില്‍ വനിത ജീവനക്കാരിക്ക് അര്‍ഹമായ പ്രമോഷന്‍ നിഷേധിച്ച എച്ച്.ആര്‍. മാനേജര്‍ക്കെതിരെ മാതൃഭൂമി നടപടിയെടുക്കണമെന്നും ഇത്തരമാളുകള്‍ സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കുകയാണെന്നും അഞ്ജന ശശി പറഞ്ഞു.

ഇത്രയും സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായി നിലപാടെടുത്ത എച്ച്.ആര്‍. മാനേജറിപ്പോള്‍ മാതൃഭൂമിയുടെ സാഹിത്യോത്സവത്തിന് വനിത പ്രാധിനിത്യം ഉറപ്പാക്കാനുള്ള ഓട്ടത്തിലാണെന്നും അഞ്ജന പരിഹസിക്കുന്നു.

content highlights: Denied promotion for taking maternity leave; Ex-employee reveals discrimination in Mathrubhumi