'പാര്‍ട്ടിക്ക് വേണ്ടി ഇത്രയും കാലം പണിയെടുത്തിട്ടും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല'; പൊട്ടിക്കരഞ്ഞ് ബി.എസ്.പി നേതാവ്; വീഡിയോ
2022 Uttar Pradesh Legislative Assembly election
'പാര്‍ട്ടിക്ക് വേണ്ടി ഇത്രയും കാലം പണിയെടുത്തിട്ടും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല'; പൊട്ടിക്കരഞ്ഞ് ബി.എസ്.പി നേതാവ്; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th January 2022, 8:57 pm

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ബി.എസ്.പി നേതാവ്. ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവായ അര്‍ഷാദ് റാണയാണ് സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പൊട്ടിക്കരഞ്ഞത്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

‘ഞാന്‍ അപമാനിക്കപ്പെട്ടു. ഇത്തരമൊരു സംഭവം നടക്കുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. എനിക്ക് പകരം മറ്റൊരാളെ മത്സരിപ്പിക്കുന്നത് എന്നാണ് അവര്‍ എന്നോട് പറഞ്ഞത്,’ റാണ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്രങ്ങള്‍ നോക്കിയാല്‍ പാര്‍ട്ടിക്ക് വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ കാണാമെന്നും, എന്നിട്ടാണ് പാര്‍ട്ടി തന്നോട് ഇപ്രകാരം ചെയ്യുന്നതെന്നും റാണ പറയുന്നു.

‘ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ മുന്നണിപ്പോരാളിയായി ഞാന്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. ചര്‍ത്താവാല്‍ മണ്ഡലത്തില്‍ നിന്നും എന്നെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി എനിക്ക് 2018ല്‍ ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ ഞാന്‍ പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ നേതൃത്വം ഒന്നും പ്രതികരിക്കുന്നില്ല,’ അദ്ദേഹം മറ്റൊരു വീഡിയോയില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ബി.എസ്.പിയുടെ സ്വാധീനത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍പ് സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടിക്ക് കാര്യമായി പലതും ഈ തെരഞ്ഞെടുപ്പില്‍ ചെയ്യാന്‍ സാധിക്കും എന്നായിരുന്ന പലരും കരുതിയിരുന്നത്.

ബി.എസ്.പിയുടെ ദേശീയ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മായാവതി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

मायावती की हुंकार- मीडिया में नहीं दिखते लेकिन 2022 में हमें कम मत आंकना -  bsp chief mayawati mission 2022 slogan up ko bachana hi bsp ka satta me  lana hi up

ഇത്തവണ ബിഎസ്.പിക്ക് തെരഞ്ഞെടുപ്പില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നും മുഴുവന്‍ സീറ്റുകളില്‍ പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കില്ലെന്നുമാണ് എതിരാളികള്‍ പറയുന്നത്.

എന്നാല്‍ തങ്ങള്‍ എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ഭരണം പിടിക്കുമെന്നുമാണ് ബി.എസ്.പി എം.പി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Denied Poll Ticket, BSP Leader In Uttar Pradesh Bursts Into Tears