കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷയ്ക്ക് 60 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാന വിഹിതവുമാണ് ലഭിക്കുന്നത്. അതില്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം മുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
രണ്ട് മാസമായി ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനാല്‍ ദുരിതത്തിലാണെന്നാണ് വിവരം. സ്‌കൂളുകള്‍ നേരിട്ട് ശമ്പളം നല്‍കുന്ന സി.ആര്‍.സിമാര്‍ ഒഴികെയുള്ളവര്‍ക്ക് രണ്ടു മാസമായി ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ പദ്ധതിക്ക് 2023, 24വര്‍ഷങ്ങള്‍ മുതല്‍ ലഭിക്കേണ്ട 1504.82 കോടി രൂപ നിലവില്‍ ധാരണാ പത്രത്തില്‍ ഒപ്പ് വെക്കാത്തതിനാല്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം വിദ്യാഭ്യാസത്തില്‍ വര്‍ഗീയവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതിനാലാണ് പി.എം ശ്രീ ധാരണപത്രത്തില്‍ കേരളം ഒപ്പുവയ്ക്കാത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം സമയബന്ധിതമായി ലഭ്യമാകുന്നതിനാലാണ് കേരളത്തില്‍ പ്രധാന സമഗ്രശിക്ഷ പദ്ധതികള്‍ മുടങ്ങാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പി. എം ശ്രീ ധാരണപത്രത്തില്‍ ഒപ്പുവയ്ക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 328.9 കോടി രൂപ കേന്ദ്രം നിഷേധിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.