എഡിറ്റര്‍
എഡിറ്റര്‍
നോ കാഷ് നോ കാഷ്; നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും പരിഹസിച്ച് ചിമ്പുവിന്റെ ‘ദേശീയഗാനം’
എഡിറ്റര്‍
Saturday 11th November 2017 8:41am

ചെന്നൈ: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നോട്ടുനിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ദുരിതങ്ങള്‍ തുറന്ന് കാട്ടി തമിഴ് താരം ചിമ്പുവിന്റെ പുതിയ സംഗീത ആല്‍ബം. തന്റെ പുതിയ സിനിമയായ തട്രോം തൂക്ക്‌റോം എന്ന സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.

‘ഡീമോണിസ്റ്റൈഷന്‍ ദേശീയഗാനം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പാട്ടില്‍ ഒരു വര്‍ഷമായി ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. നോട്ട് നിരോധനം മുതല്‍ ജി.എസ്.ടി വരെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ കണക്കറ്റ് പാട്ടില്‍ ചിമ്പു പരിഹസിക്കുന്നു.

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാണെന്ന് പറഞ്ഞ നോട്ട് നിരോധനത്തില്‍ സാധാരണക്കാര്‍ക്ക് മാത്രമേ നഷ്ടമുണ്ടായിട്ടുള്ളു. കോപ്പറേറ്റുകള്‍ക്ക് ഒരു പ്രയാസവും ഉണ്ടായിട്ടില്ല. മദ്യരാജാവ് വിജയ് മല്യയെ പോലുള്ള കാശുകാര്‍ അവരുടെ കാശുകള്‍ വിദേശങ്ങളില്‍ എത്തിക്കുന്നെന്നും ഗാനത്തില്‍ പറയുന്നുണ്ട്.


Also Read അരുണ്‍ ജെയ്റ്റ്‌ലിയെ ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് മോദിയോട് യശ്വന്ത് സിന്‍ഹ


നോട്ട് നിരോധിച്ചതിലൂടെ മദ്ധ്യവര്‍ഗക്കാരുടെ ജീവിതം താറുമാറായി, പാവപ്പെട്ട സാധാരണക്കാരുടെ കൈയ്യിലുള്ള കാശ് മാത്രം അസാധുവായെന്നും  എല്ലാ കള്ളപ്പണവും ‘വൈറ്റ്’ മണിയായെന്നും പാട്ടില്‍ പറയുന്നു.

രജനീകാന്ത്, കമലഹാസന്‍ തുടങ്ങിയവര്‍ നോട്ട്‌നിരോധനത്തിനെതിരെ പറയുന്ന കാര്യങ്ങളും പാട്ടില്‍ പറയുന്നു.എ.ടി.എം കൗണ്ടറുകളിലും മറ്റുമായി കഷ്ടപ്പെടുമ്പോള്‍ അടുത്ത അടിയായി ജി.എസ്.ടി വന്നു എന്നും ഗാനത്തില്‍ പറയുന്നു.
അരുള്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വൈരമുത്തു രചിച്ച ഈ ഗാനം പാടിയിരിക്കുന്നത് ചിമ്പുതന്നെയാണ്. സംഗീതം ബാലമുരളി ബാലു. മുമ്പ് തമിഴ് താരം വിജയ് നോട്ട്‌നിരോധനത്തിന്റെ സമയത്തും പിന്നീട് പുതിയ ചിത്രം മെര്‍സല്‍ ഇറങ്ങിയപ്പോള്‍ ചിത്രത്തില്‍ ജി.എസ്.ടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

Advertisement