മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി; പി.പി. ദിവ്യയെയും സൂസന്‍കോടിയെയും ഒഴിവാക്കി, അധ്യക്ഷയായി കെ.എസ്. സലീഖ
Kerala
മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി; പി.പി. ദിവ്യയെയും സൂസന്‍കോടിയെയും ഒഴിവാക്കി, അധ്യക്ഷയായി കെ.എസ്. സലീഖ
രാഗേന്ദു. പി.ആര്‍
Thursday, 15th January 2026, 5:16 pm

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ മാറ്റം. സി.പി.ഐ.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.ടി. ദിവ്യയെ സമിതിയില്‍ നിന്നും ഒഴിവാക്കി.

ഇന്ന് (വ്യാഴം) നടന്ന മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. സംഘടനയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ.

സമ്മേളനത്തില്‍ പുതിയ പ്രസിഡന്റിനേയും സെക്രട്ടറിയേയും തെരഞ്ഞെടുത്തു. സി.എസ്. സുജാത സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗമായ കെ.എസ്. സലീഖയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

സൂസന്‍കോടിയെ മാറ്റിയാണ് സലീഖയ്ക്ക് അധ്യക്ഷസ്ഥാനം നല്‍കിയത്. 116 അംഗ സംസ്ഥാന കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു.

നേരത്തെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സൂസന്‍കോടിയെ ഒഴിവാക്കിയിരുന്നു. അതേസമയം പി.പി. ദിവ്യയെ മാറ്റിയതില്‍ സി.പി.ഐ.എമ്മിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയാണ് പി.പി. ദിവ്യ.

നിലവില്‍ ദിവ്യക്കെതിരെ നേതൃത്വത്തിന് കൂടുതല്‍ പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹിളാ അസോസിയേഷന്റെ തീരുമാനമെന്നാണ് വിവരം.

എന്നാല്‍ പി.പി. ദിവ്യയെ ഒഴിവാക്കിയതല്ലെന്നും ചുമതലയില്‍ നിന്ന് ഒഴിയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്നും മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പി.കെ. ശ്രീമതി പറഞ്ഞു.

കണ്ണൂര്‍ കേന്ദ്രീകരിച്ച് ദിവ്യ പ്രവര്‍ത്തനം തുടരുമെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. മൂന്ന് തവണ അധ്യക്ഷ ആയതിനാലാണ് സൂസന്‍കോടിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയതെന്നും വിശദീകരണമുണ്ട്.

നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. കൂടാതെ, സി.പി.ഐ.എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

Content Highlight: Democratic Women’s Association State Committee; PP Divya and Susankodi removed, KS Saleekha appointed as president

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.