വാഷിങ്ടണ്‍: ഇസ്രഈലിന് പ്രതിവര്‍ഷം നല്‍കിവരുന്ന 3.3 ശതകോടി ഡോളറിന്റെ സൈനിക സഹായം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള യു.എസ് പ്രതിനിധി സഭയിലെ ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധികളായ ഗ്രെഗ് കാസറും അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസും പ്രഖ്യാപിച്ചു.
റിപ്പബ്ലിക്കന്‍ പ്രതിനിധിയായ തോമസ് മാസി അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായാണ് ഇവര്‍ വോട്ട് ചെയ്യുക. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇരുപക്ഷത്തുനിന്നുമുള്ള ജനപ്രതിനിധികള്‍ കൈകോര്‍ക്കുന്ന അപൂര്‍വ നീക്കമാണിത്.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അപ്രോപ്രിയേഷന്‍സ് ബില്ലില്‍ കൊണ്ടുവന്ന ഈ ഭേദഗതി പാസായാല്‍, ഇസ്രഈലിന് പ്രതിവര്‍ഷം ലഭിക്കുന്ന വലിയൊരു തുകയുടെ വിദേശ സൈനിക സഹായം ഇല്ലാതാകും.
2016-ല്‍ യു.എസും ഇസ്രഈലും തമ്മില്‍ ഒപ്പുവെച്ചതും 2028ല്‍ കാലാവധി തീരുന്നതുമായ പത്ത് വര്‍ഷത്തെ ധാരണാപത്രത്തിന്റെ ഭാഗമായാണ് പ്രതിവര്‍ഷം ഈ തുക സൈനിക ആവശ്യങ്ങള്‍ക്കായി നല്‍കിവരുന്നത്.
ഇസ്രഈലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ ‘അയണ്‍ ഡോം’ ഉള്‍പ്പെടെയുള്ള മിസൈല്‍ പ്രതിരോധ പദ്ധതികള്‍ക്കായി നല്‍കുന്ന 500 ദശലക്ഷം ഡോളറിനെ ഈ ഭേദഗതി ബാധിക്കില്ല.
സൈനിക സഹായത്തിന് പുറമെ, ഏകദേശം 50 ദശലക്ഷം ഡോളറിന്റെ നയതന്ത്ര ഫണ്ടിങ്ങിനെയും ഈ നീക്കം ബാധിച്ചേക്കാമെന്ന് കോണ്‍ഗ്രഷണല്‍ പ്രോഗ്രസീവ് കോക്കസ് ചെയര്‍മാന്‍ കൂടിയായ ഗ്രെഗ് കാസര്‍ സൂചിപ്പിച്ചു. എങ്കിലും സൈനിക സഹായം തടയുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫിസ്‌ക്കല്‍ ഇയര്‍ 2027 ബില്ലിലെ ഈ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇസ്രഈലിന് നല്‍കുന്ന സൈനിക സഹായത്തെച്ചൊല്ലിയും നികുതിപ്പണം അന്താരാഷ്ട്ര പ്രതിരോധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനെച്ചൊല്ലിയും യു.എസ് കോണ്‍ഗ്രസില്‍ ഭിന്നതയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദവും കടുക്കുന്നതിനിടയിലാണ് ഡെമോക്രാറ്റിക് അംഗങ്ങളുടെ ഈ പുതിയ നീക്കം.
Content Highlight: Democratic members support amendment to cut off US military aid to Israel