2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല ഹാരിസ്; ട്രംപിന് കീഴില്‍ അമേരിക്കയുടെ പ്രതിച്ഛായ മങ്ങിയെന്നും വിമര്‍ശനം
World
2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല ഹാരിസ്; ട്രംപിന് കീഴില്‍ അമേരിക്കയുടെ പ്രതിച്ഛായ മങ്ങിയെന്നും വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2026, 11:43 am

വാഷിങ്ടണ്‍: 2024ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനൊരുങ്ങി മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്.

2028 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കമല ഹാരിസ് പറഞ്ഞു.

വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ‘നാഷണല്‍ ആക്ഷന്‍ നെറ്റ്വര്‍ക്കിന്റെ’ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പൗരാവകാശ നേതാവ് ആല്‍ ഷാര്‍പ്ടണുമായുള്ള അഭിമുഖത്തിലാണ് പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തെ കുറിച്ച് കമല ഹാരിസ് മനസ്സ് തുറന്നത്.

2024ലെ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടെങ്കിലും, ശക്തമായ തിരിച്ചുവരവിനാണ് കമല ഹാരിസ് തയ്യാറെടുക്കുന്നതെന്നാണ് രാഷ്ട്രീയവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

‘നോക്കൂ, എനിക്ക് അതിന് കഴിയുമെന്ന് തോന്നുന്നു. ഞാന്‍ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണ്,’ എന്നായിരുന്നു 2028 ല്‍ വീണ്ടും മത്സരിക്കുമോ എന്ന ഷാര്‍പ്ടണിന്റെ ചോദ്യത്തിന് ഹാരിസിന്റെ മറുപടി.

ഈ സമയം സദസ്സില്‍ നിന്ന് ആളുകള്‍ ‘വീണ്ടും മത്സരിക്കൂ’ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

2021 മുതല്‍ 2025 വരെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിന് കരുത്തേകുമെന്ന കണക്കുകൂട്ടലിലാണ് കമല ഹാരിസ്.

വൈറ്റ് ഹൗസിലെ തന്റെ നാല് വര്‍ഷത്തെ സേവനം കമല ഹാരിസ് അഭിമുഖത്തില്‍ എടുത്തുപറയുകയും ചെയ്തു. ഓവല്‍ ഓഫീസിനും സിറ്റുവേഷന്‍ റൂമിനും തൊട്ടടുത്തുള്ള വെസ്റ്റ് വിങ് ഓഫീസില്‍ താന്‍ ചിലവഴിച്ച മണിക്കൂറുകള്‍ ആ ജോലിക്ക് എന്താണ് വേണ്ടതെന്ന കൃത്യമായ ധാരണ തനിക്ക് നല്‍കിയിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു.

ജോ ബൈഡന്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതോടെയാണ് ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായത്. ഇതോടെ, യു.എസ് ചരിത്രത്തില്‍ ഒരു പ്രധാന പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയും ദക്ഷിണേഷ്യന്‍ വംശജയുമായി അവര്‍ മാറി.

2024ല്‍ ട്രംപ് 312 ഇലക്ടറല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ഹാരിസിന് 226 വോട്ടുകളാണ് ലഭിച്ചത്. എങ്കിലും, ജനകീയ വോട്ടുകളില്‍ ഹാരിസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് (48.3%). ബരാക് ഒബാമയെക്കാളും ബില്‍ ക്ലിന്റണെക്കാളും കൂടുതല്‍ വോട്ടുകള്‍ (75 ദശലക്ഷത്തിലധികം) കമല ഹാരിസ് നേടിയിരുന്നെന്നും അഭിമുഖത്തില്‍ ഷാര്‍പ്ടണ്‍ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയങ്ങളെ അഭിമുഖത്തില്‍ കമല ഹാരിസ് രൂക്ഷമായി വിമര്‍ശിച്ചു. ഇറാനെതിരായ യുദ്ധത്തെ ‘തെരഞ്ഞെടുത്ത യുദ്ധം’ എന്ന് വിശേഷിപ്പിച്ച അവര്‍, ഇത് അമേരിക്കയുടെ സ്വാധീനം ലോകത്തിന് മുന്നില്‍ കുറയ്ക്കാനും സഖ്യകക്ഷികളെ അകറ്റാനും കാരണമാകുമെന്നും പറഞ്ഞു.

ട്രംപിന്റെ കാലാവധി കഴിയുമ്പോഴേക്കും അമേരിക്കയുടെ അന്താരാഷ്ട്ര പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഠിനമായ പരിശ്രമം വേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

2028ലെ ലക്ഷ്യങ്ങള്‍ക്കപ്പുറം, 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസില്‍ ആധിപത്യം ഉറപ്പിക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. ഹക്കീം ജെഫ്രീസിനെ സ്പീക്കര്‍ പദവിയിലെത്തിക്കാന്‍ ഒരുമിച്ചു നില്‍ക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ നേതാക്കള്‍ വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഇപ്പോഴും ചില അവ്യക്തതകള്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും, അമേരിക്കന്‍ ജനതയ്ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനം ചെയ്യാന്‍ ആര്‍ക്ക് സാധിക്കും എന്നാണ് താന്‍ ചിന്തിക്കുന്നതെന്ന് കമല ഹാരിസ് പറഞ്ഞു.

വരും മാസങ്ങളില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന പര്യടനങ്ങള്‍ കമല ഹാരിസിന്റെ രാഷ്ട്രീയ തിരിച്ചുവരവിന്റെ അടുത്ത ഘട്ടമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

Content Highlight: Democrat Kamala Harris teases 2028 presidential bid