ജി.എന്‍. സായിബാബയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന്‍ നടത്തിയ ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു
national news
ജി.എന്‍. സായിബാബയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന്‍ നടത്തിയ ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd December 2022, 1:28 pm

ന്യൂദല്‍ഹി: പ്രൊഫസര്‍ ജി.എന്‍. സായിബാബയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന്‍ നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്.

36ഓളം സംഘടനകളുടെ സംയുക്ത മുന്നണിയായ Campaign Against State Repression അംഗങ്ങളാണ് പരാതി ഉന്നയിച്ചത്. ഭഗത് സിങ് ഛാത്ര ഏകതാ മഞ്ചിന്റെ (Bhagat Singh Chatra Ekta Manch) ഭാഗമായി പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. മര്‍ദനമേറ്റതിന് പിന്നാലെ ദല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ അമ്പതോളം പേരുടെ സംഘം ആശുപത്രി വളഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സിയാസത് ഡെയ്‌ലി, ദ വയര്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കല്ലുകളും വടികളും ലാത്തികളും ഉപയോഗിച്ചാണ് തങ്ങളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

”ജി.എന്‍. സായിബാബയെ അന്യായമായി തടവിലിട്ടതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നടത്താന്‍ ഞങ്ങള്‍ ഒരു ക്യാമ്പയിന്‍ നടത്തുകയായിരുന്നു. 40-50 എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ ലാത്തി (ബാറ്റണ്‍) ഉപയോഗിച്ച് ആക്രമിച്ചു.

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു,” അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയും ഭഗത് സിങ് ഛാത്ര ഏകതാ മഞ്ചിന്റെ നിലവിലെ പ്രസിഡന്റുമായ രവീന്ദര്‍ സിങ് പറഞ്ഞു.

ജി.എന്‍. സായിബാബയെയും മറ്റ് നാല് പേരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ വരുന്ന ഡിസംബര്‍ അഞ്ചിന് പൊതുയോഗം സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും സായിബാബ അടക്കമുള്ളവര്‍ നേരിടുന്ന അനീതിയുമാണ് ക്യാമ്പയിനിലൂടെ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെക്കുന്ന വിഷയങ്ങള്‍.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസില്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബയെയും മറ്റ് നാല് പേരെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ സായിബാബയുള്‍പ്പെടെയുള്ളവരുടെ ജയില്‍മോചനം നിണ്ടുപോകുന്നത്.

ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

കേസിന്റെ മെറിറ്റിലേക്ക് കടക്കാതെയാണ് ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നും യു.എ.പി.എ പോലുള്ള കാര്യങ്ങളിലേക്ക് ഹൈക്കോടതി കടന്നില്ലെന്നുമായിരുന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

ബോംബെ ഹൈക്കോടതിക്ക് കേസ് പരിഗണിച്ചതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നും സായിബാബയെ വെറുതെവിട്ട തീരുമാനത്തിലേക്കെത്താന്‍ ഹൈക്കോടതി കുറുക്കുവഴിയാണ് സ്വീകരിച്ചതെന്നും അതുകൊണ്ട് കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും തല്‍ക്കാലത്തേക്ക് വിധി സ്റ്റേ ചെയ്തുകൊണ്ട് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിധിയില്‍ വിശദ പരിശോധന വേണമെന്നും എല്ലാ കക്ഷികള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാരിനും ഇത് സംബന്ധിച്ച് നോട്ടീസയക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യാപേക്ഷ നല്‍കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ വരുന്ന ഡിസംബര്‍ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

ഒക്ടോബറിലായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

കേസില്‍ കര്‍ശനമായ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പുറപ്പെടുവിച്ച അനുമതി ഉത്തരവ് ‘മോശവും അസാധുവു’മാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ജസ്റ്റിസ് രോഹിത് ഡിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

സായിബാബയടക്കം കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പേരെയും കൂടി കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാം ലാല്‍ ആനന്ദ് കോളേജിലെ പ്രൊഫസറായിരുന്നു സായിബാബ. ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരിക്കെയാണ് സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

2018 മാര്‍ച്ച് ഏഴിനായിരുന്നു സായിബാബയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പോളിയോ ബാധിതനായ സായിബാബയുടെ ശരീരത്തിന്റെ തൊണ്ണൂറ് ശതമാനവും തളര്‍ന്ന നിലയിലാണ്.

റെവലൂഷ്യനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന മാവോവാദി സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു 2013ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2017ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

Content Highlight: Delhi university Student campaigning for G.N. Saibaba’s release allegedly attacked by ABVP members