'മുണ്ടുടുത്തു, ഹിന്ദി സംസാരിച്ചില്ല'; ദല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കസ്റ്റഡി മര്‍ദനം; അമിത് ഷായോട് നടപടിയാവശ്യപ്പെട്ട് വി. ശിവദാസന്‍ എം.പി
India
'മുണ്ടുടുത്തു, ഹിന്ദി സംസാരിച്ചില്ല'; ദല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കസ്റ്റഡി മര്‍ദനം; അമിത് ഷായോട് നടപടിയാവശ്യപ്പെട്ട് വി. ശിവദാസന്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th September 2025, 6:23 pm

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വി. ശിവദാസന്‍ എം.പി.

ദല്‍ഹി സര്‍വകലാശാലയുടെ ഭാഗമായ സാക്കിര്‍ ഹുസൈന്‍ ദല്‍ഹി കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഐ.ടി. അശ്വന്ത്, കെ. സുധിന്‍ എന്നിവര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ട ആക്രമണവും പൊലീസിന്റെ കസ്റ്റഡി മര്‍ദനവുമുണ്ടായത്. സംഭവത്തെ വി. ശിവദാസന്‍ എം.പി ശക്തമായി അപലപിച്ചു.

വിഷയത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും, ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, അമിത് ഷായ്ക്ക് വി. ശിവദാസന്‍ എം.പി കത്ത് നല്‍കി.

ചെങ്കോട്ടയ്ക്ക് സമീപത്തുവെച്ച് 2025 സെപ്റ്റംബര്‍ 24 നാണ് മലയാളികളായ വിദ്യാര്‍ത്ഥികളെ അജ്ഞാതര്‍ ആക്രമിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആക്രമണം. മുണ്ടുടുത്തതാണ് ആക്രമണകാരികളെ പ്രകോപിപ്പിച്ചതെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതേസമയം, വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുന്നതുകണ്ടിട്ടും അവരെ രക്ഷിക്കാതെ സമീപത്തുണ്ടായിരുന്ന പൊലീസും മര്‍ദനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് റെഡ് ഫോര്‍ട്ട് ബൂത്ത് പോലീസ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചും അതിക്രൂരമായി മര്‍ദിച്ചു.

മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഹിന്ദി സംസാരിക്കാത്തതിന് ബൂട്ടിട്ട് ചവിട്ടിയെന്നും ഇരുപതിനായിരം രൂപ നല്‍കിയാല്‍ കേസ് ഒഴിവാക്കാമെന്ന് പൊലീസ് പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതേസമയം, ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ വലിയ പ്രതീക്ഷയോടെയാണ് ദല്‍ഹിയിലേക്ക് വരുന്നതെന്നും, അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികാരികളുടെ കടമയാണെന്നും ശിവദാസന്‍ എം.പി പറഞ്ഞു.

ഇത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം മാത്രമല്ല, ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനവും, പൊലീസ് നിര്‍വ്വഹിക്കേണ്ട കടമക്ക് നേര്‍വിപരീതവുമാണെന്ന് ശിവദാസന്‍ എം.പി പറഞ്ഞു. സെന്‍ട്രല്‍ ദല്‍ഹി ഡി.സി.പിയുമായി ബന്ധപ്പെട്ടെന്നും കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദല്‍ഹിയിലെ വിദ്യാര്‍ത്ഥികളെയും ഹിന്ദി സംസാരിക്കാത്ത സമൂഹങ്ങളെയും സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും, അങ്ങനെ ഇത്തരം വിവേചനപരവും അക്രമാസക്തവുമായ പ്രവൃത്തികള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നും ശിവദാസന്‍ എം.പി ആവശ്യപ്പെട്ടു.

Content Highlight: Delhi University Malayali students beaten in custody; MP V. Sivadasan write  to Amit Shah