ന്യൂദല്‍ഹി: ദല്‍ഹിയിലെ തുടര്‍ച്ചയായ തെരുവുനായക്രമണത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. വാക്‌സിനേഷന്‍ നല്‍കാത്ത തെരുവുനായ്ക്കളുടെ കടിയേറ്റ് കുട്ടികളും പ്രായമായവരും നിരന്തരം റാബീസ് രോഗത്തിന് ഇരയാകുകയാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് റിട്ട് ഹരജി രജിസ്റ്റര്‍ ചെയ്തത്.
‘നഗരം തെരുവ് നായ്ക്കളാല്‍ വേട്ടയാടപ്പെടുന്നു; കുട്ടികള്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു’ എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.
ജൂണ്‍ 30ന് പേവിഷബാധയെ തുടര്‍ന്ന് ദല്‍ഹിയില്‍ ആറുവയസുകാരി മരണപ്പെട്ടിരുന്നു. പൂത്ത് കലാന്‍ മേഖലയിലെ ചാവി ശര്‍മയാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് വിലയിരുത്തിയ കോടതി, നഗരത്തിലെ സ്ഥിതിഗതികള്‍ ഭയാനകവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നും പറഞ്ഞു. ഈ അനാസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് ശിശുക്കളും മുതിര്‍ന്നവരുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം ചീഫ് ജസ്റ്റിസ് ഭൂഷണ്‍ ആര്‍. ഗവായിയുടെ മുമ്പാകെ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പര്‍ദിവാല നിര്‍ദേശം നല്‍കിയതായാണ് വിവരം.
ജൂലൈ 15ന് നോയിഡയില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിച്ചിരുന്നു. വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹരജി പരിഗണിച്ചത്.
പ്രസ്തുത ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അഭിഭാഷകനോട് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘രാവിലെ നടക്കാന്‍ പോകാറുണ്ടോയെന്ന് ചോദിച്ച കോടതി, ഒരു ദിവസം നടന്ന് നോക്കണം, അപ്പോള്‍ മനസിലാകും എന്താണ് സംഭവിക്കുകയെന്നും പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ 2025ലെ വിധിയെ ചോദ്യം ചെയ്ത് റീമ ഷാ എന്ന യുവതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും നിശ്ചിത സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് പറയുന്ന ദല്‍ഹി ഹൈക്കോടതി വിധിയെ മുന്‍നിര്‍ത്തിയാണ് ഷാ സുപ്രീം കോടതിയെ സമീപിച്ചത്.
ഇതിനുപിന്നാലെയാണ് തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി ബെഞ്ച് സ്വമേധയാ ഇടപെടുന്നത്. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ബെംഗളൂരു പോലുള്ള നഗരങ്ങളും തെരുവുനായകളുടെ ആക്രമണത്തിൽ നിയമസഹായം തേടിയിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഇടപെടൽ.
Content Highlight: Delhi street dog attack: Supreme Court takes suo motu cognizance of case