തെരുവുനായ പ്രശ്‌നം; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേസ് സുപ്രീം കോടതി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി
India
തെരുവുനായ പ്രശ്‌നം; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേസ് സുപ്രീം കോടതി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th August 2025, 11:05 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. കേസ് നാളെ (വ്യാഴം) പരിഗണിക്കും. ദല്‍ഹി.എന്‍.സി.ആറിലെ മുഴുവന്‍ തെരുവുനായ്ക്കളെയും പ്രത്യേകം സജ്ജീകരിച്ച ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെയാണ് കോടതിയുടെ തീരുമാനം.

നേരത്തെ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

ജൂലൈ അവസാനത്തില്‍ ദല്‍ഹിയിലെ തെരുവുനായ പ്രശ്നത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ‘നഗരം തെരുവ് നായ്ക്കളാല്‍ വേട്ടയാടപ്പെടുന്നു; കുട്ടികള്‍ അതിന് വലിയ വില നല്‍കേണ്ടി വരുന്നത്’ എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടല്‍.

ജൂണ്‍ 30ന് പേവിഷബാധയെ തുടര്‍ന്ന് ദല്‍ഹിയില്‍ ഒരു ആറുവയസുകാരി മരണപ്പെട്ടിരുന്നു. പൂത്ത് കലാന്‍ മേഖലയിലെ ചാവി ശര്‍മയാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

സംഭവത്തില്‍ രണ്ടംഗ ബെഞ്ച് രജിസ്റ്റര്‍ ചെയ്ത കേസും ഇതുമായി ബന്ധപ്പെട്ട പുതിയ ഹരജികളും ഉള്‍പ്പെടെ നാല് ഹരജികളാണ് സുപ്രീം കോടതി നാളെ പരിഗണിക്കുക. തെരുവുനായ്ക്കളെ പിടികൂടണമെന്ന ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം ദല്‍ഹി-എന്‍.സി.ആറിലെ മുഴുവന്‍ തെരുവുനായ്ക്കളെയും എട്ട് ആഴ്ചക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

ദല്‍ഹി സര്‍ക്കാരിനും എം.സി.ഡിക്കും(ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍) എന്‍.ഡി.എം.സിക്കും (ന്യൂദല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍) ഉത്തരവ് സംബന്ധിച്ചുള്ള നടപടികള്‍ ആരംഭിക്കാമെന്നും കോടതി അറിയിച്ചിരുന്നു.

നിശ്ചിത സമയപരിധിക്കുള്ളില്‍ വേണ്ടത്ര ഷെല്‍ട്ടര്‍ ഹോമുകള്‍ സംഘടിപ്പിക്കാന്‍ മുന്‍സിപ്പല്‍ സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികളും മുന്‍കൈ എടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

പിടികൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ തന്നെ താമസിപ്പിക്കണം. പൊതുസ്ഥലങ്ങളിലോ കോളനികളിലോ തുറന്നുവിടരുതെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.കൂടാതെ ഒരു തവണ ഷെല്‍ട്ടര്‍ ഹോമിലാക്കിയ നായയെ പിന്നീട് തെരുവുകളിലേക്ക് ഇറക്കിവിടരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്ത് പിന്നീട് നിരവധി മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്.

Content Highlight: Street dog issue; Supreme Court transfers case to third bench following criticism