ന്യൂദല്‍ഹി: ദല്‍ഹിയിലെ ചേരികള്‍ പൊളിച്ചുനീക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി.
ദല്‍ഹിയില്‍ നൂറുകണക്കിന് ആളുകളാണ് ഭവനരഹിതരാകുന്നതിന്റെ വേദനയിലൂടെ കടന്നുപോകുന്നതെന്നും ഒരു കൂട്ടം മനുഷ്യര്‍ ജീവിതകാലം മുഴുവന്‍ താമസിച്ചിരുന്ന വീടുകളാണ് ബി.ജെ.പി ഭരണകൂടം തകര്‍ത്ത് കളഞ്ഞതെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
പൊളിച്ചുമാറ്റല്‍ നടപടിക്ക് വിധേയമായ ദല്‍ഹിയിലെ അശോക് വിഹാറില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വീഡിയോയും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയില്‍ ഇല്ലാതായത് ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും അന്തസും ജീവിതമാര്‍ഗവുമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
‘പെട്ടെന്ന് ഒരു ദിവസം വന്ന് നിങ്ങളുടെ മാതാപിതാക്കളുടെയും കുട്ടികളുടെയും സഹോദരങ്ങളുടെയും തലയ്ക്ക് മേലുള്ള മേല്‍ക്കൂര പൊളിച്ചുകളഞ്ഞുവെന്ന് കരുതുക. നിങ്ങള്‍ക്ക് എന്താണ് തോന്നുക? ഒരൊറ്റ നിമിഷം കൊണ്ട് നിങ്ങളുടെ മുഴുവന്‍ കുടുംബവും ഭവനരഹിതരാകുമ്പോള്‍ എന്ത് തോന്നും?,’ രാഹുല്‍ ഗാന്ധി ചോദിച്ചു.
രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ അഹങ്കാരികള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.
കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണെന്നും പാര്‍ട്ടിയുടെ ഇനിയുള്ള പോരാട്ടം വീടിന് വേണ്ടി മാത്രമുള്ളതല്ല, നീതിക്കും വേണ്ടിയായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജൂണിലാണ് അധികൃത നിര്‍മാണമെന്ന് ആരോപിച്ച് അശോക് വിഹാറിലെത്തിയ ഉദ്യോഗസ്ഥര്‍ ചേരിനിവാസികളുടെ വീടുകള്‍ തകര്‍ത്തത്. 300ലധികം വീടുകളാണ് ആന്റി-ഇന്‍ക്രാക്ഷന്‍ ഡ്രൈവിലൂടെ ബി.ജെ.പി സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്. അശോക് വിഹാറിലെ ജയിലോര്‍വാല ബാഗില്‍ മാത്രമായി 308 വീടുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇതേസമയം ദല്‍ഹിയിലെ വസീപൂര്‍ മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പൊളിക്കല്‍ നടപടിയുമുണ്ടായി. കനത്ത പൊലീസ് സുരക്ഷയിലും അര്‍ധസൈനിക വിഭാഗത്തിന്റെയും സാന്നിധ്യത്തിലായിരുന്നു പൊളിച്ചുമാറ്റല്‍ നടന്നത്. 250ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് പൊളിക്കല്‍ പ്രദേശത്ത് വിന്യസിച്ചിരുന്നത്.
പൊളിക്കല്‍ നടപടിക്ക് പിന്നാലെ 1000 ഓളം താമസക്കാരെ പുനരധിവസിപ്പിച്ചതായി ദല്‍ഹി വികസന അതോറിറ്റി പറഞ്ഞിരുന്നു. എന്നാല്‍ 3100 ലധികം ആളുകള്‍ വസീപൂരില്‍ താമസിച്ചിരുന്നുവെന്നും അതില്‍ കുയിറക്കപ്പെട്ട 500ഓളം കുടുംബങ്ങള്‍ ഇപ്പോഴും ഫ്‌ലാറ്റിന് വേണ്ടി കാത്തിരിക്കുകയാണെന്നും ചേരിനിവാസിയായ ശ്രീ കുമാറിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പുനരധിവാസത്തെ ആം ആദ്മി തെറ്റായി പ്രചരിപ്പിച്ചുവെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ ആരോപണം. നേരത്തെ ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
25 വര്‍ഷത്തിനുശേഷം ദല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ബി.ജെ.പി, ‘ജഹാന്‍ ജുഗ്ഗി വഹാന്‍ മകാന്‍’ (താമസിക്കുന്നിടത്ത് തന്നെ വീട്) എന്ന വാഗ്ദാനം ലംഘിച്ചുവെന്നായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം.
Content Highlight: Rahul Gandhi slams BJP for demolishing slums in Delhi