ദല്‍ഹി സര്‍വീസ് ബില്‍ ലോക്‌സഭയില്‍ പാസാക്കി; വാക്കൗട്ട് ചെയ്ത് പ്രതിപക്ഷം
national news
ദല്‍ഹി സര്‍വീസ് ബില്‍ ലോക്‌സഭയില്‍ പാസാക്കി; വാക്കൗട്ട് ചെയ്ത് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd August 2023, 8:46 pm

ന്യൂദല്‍ഹി: ദല്‍ഹി ഓര്‍ഡിനന്‍സ് ബില്ലിന് പകരമുള്ള ദല്‍ഹി സര്‍വീസ് ബില്‍ ലോക്‌സഭ പാസാക്കി. സഭയില്‍ ബില്‍ പാസാക്കിയതിന് പിന്നാലെ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ സഭയില്‍ നിന്നും വാക്കൗട്ട് ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. ദല്‍ഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി ഉത്തരവിനെയാണ് ബില്‍ സൂചിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

‘ദല്‍ഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി ഉത്തരവിനെയാണ് ബില്‍ സൂചിപ്പിക്കുന്നത്. ദല്‍ഹിക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഭരണഘടനയിലുണ്ട്,’ അമിത് ഷാ പറഞ്ഞു.

ബില്‍ പാസാക്കിയതിനെ വിമര്‍ശിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ദല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബി.ജെ.പി നേരത്തെ വാക്ക് നല്‍കിയിരുന്നെന്നും ഇന്ന് ദല്‍ഹിയിലെ ജനങ്ങളെ പുറകില്‍ നിന്നും കുത്തുകയാണ് ബി.ജെ.പി ചെയ്തിരിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ദല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബി.ജെ.പി ആവര്‍ത്തിച്ച് വാഗ്ദാനം നല്‍കിയിരുന്നു. 2014ല്‍ പ്രധാനമന്ത്രിയായാല്‍ ദല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് നരേന്ദ്ര മോദി തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ദല്‍ഹിയിലെ ജനങ്ങളെ ബി.ജെ.പി പുറകില്‍ നിന്ന് കുത്തിയിരിക്കുകയാണ്. മോദിയെ വിശ്വസിക്കരുത്,’ കെജ് രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ജനാധിപത്യം ഇന്ന് പാര്‍ലമെന്റില്‍ കൊലചെയ്യപ്പെട്ടെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

മുന്‍കാലങ്ങളില്‍ ദല്‍ഹിയിലും കേന്ദ്രത്തിലും ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നെന്നും 2015ല്‍ ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴാണ് പ്രശ്‌നം ഉടലെടുത്തതെന്നും ലോക്‌സഭയിലെ ചര്‍ച്ചക്കിടെ അമിത് ഷാ പറഞ്ഞു. ചൊവ്വാഴ്ചയാണ് അമിത് ഷാ സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലിന് വേണ്ടി വോട്ട് ചെയ്യുമ്പോള്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കുറിച്ച് ചിന്തിക്കാതെ ദല്‍ഹിയെ കുറിച്ച് ചിന്തിക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

‘തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയോ ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണ നേടാന്‍ വേണ്ടിയോ നിയമ നിര്‍മാണത്തെ എതിര്‍ക്കുകയോ പിന്തുണക്കുകയോ ചെയ്യുന്ന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടരുതെന്നാണ് എല്ലാ പാര്‍ട്ടികളോടും ഞാന്‍ ആവശ്യപ്പെടുന്നത്. പുതിയ സഖ്യമുണ്ടാക്കാന്‍ നിരവധി വഴികളുണ്ട്. ബില്ലുകളും നിയമങ്ങളും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉള്ളതാണ്. ദല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാകണം ബില്ലിനെ എതിര്‍ക്കുകയോ പിന്തുണക്കുകയോ ചെയ്യേണ്ടത്,’അമിത് ഷാ പറഞ്ഞു.

നേരത്തെ, ദല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ ദല്‍ഹിയിലെ ഭരണമേറ്റെടുക്കാന്‍ കേന്ദ്രത്തിന് ആകില്ലെന്ന് മെയ് 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഭരിക്കാനുള്ള അവകാശമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

‘ദല്‍ഹി സര്‍ക്കാരിന് ഭരണപരമായ അവകാശങ്ങള്‍ ഉണ്ടാകും. പൊലീസ് ലാന്‍ഡ്, പബ്ലിക്ക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള എല്ലാ സേവനങ്ങളിലും സര്‍ക്കാരിന് പൂര്‍ണമായ അവകാശമുണ്ടാകും. ഉദ്യോഗസ്ഥരെ നിയമിക്കുവാനും അവരുടെ സ്ഥലമാറ്റം തീരുമാനിക്കുവാനുമുള്ള അവകാശം സര്‍ക്കാരിനാണ് ഉള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഇതിന് അവകാശം,’ എന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് മറിക്കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മെയ് 19ന് ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് ദല്‍ഹി ഓര്‍ഡിനന്‍സ് കൊണ്ടുവരുകയായിരുന്നു.

Content Highlighs: Delhi service bill passed in lok sabha