ദല്‍ഹി കലാപ കേസ്; ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജ്യാമാപേക്ഷകളില്‍ കേന്ദ്രത്തിന് നോട്ടീസ് നല്‍കി സുപ്രീം കോടതി
India
ദല്‍ഹി കലാപ കേസ്; ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജ്യാമാപേക്ഷകളില്‍ കേന്ദ്രത്തിന് നോട്ടീസ് നല്‍കി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2025, 6:51 pm

ന്യൂദൽഹി: 2020 ദൽഹി കലാപത്തിലെ ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ്, ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്‌മാൻ എന്നിവരുടെ ജ്യാമാപേക്ഷകളിൽ ദൽഹി പൊലീസിനും കേന്ദ്രസർക്കാരിനും നോട്ടീസ് നൽകി സുപ്രീം കോടതി.

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഒക്ടോബർ ഏഴിന് കേസ് പരിഗണിക്കും. അഭിഭാഷകരായ എ.എം സിംഗ്വി, സിദ്ധാർഥ് ദവേവ്‌, സിദ്ധാർഥ് അഗർവാൾ എന്നിവരും ഹരജിക്കാർക്ക് വേണ്ടി ഹാജരായി.

5 വർഷത്തിലേറെയായി വിദ്യാർത്ഥികൾ ജയിലിൽ കഴിയുകയാണെന്നും ദീപാവലിക്ക് മുമ്പ് അവരുടെ ജ്യാമാപേക്ഷകൾ പരിഗണിച്ച് മോചിപ്പിക്കണമെന്നും അഭിഭാഷകരായ കപിൽ സിബലും എ.എം സിംഗ്വിയും പറഞ്ഞു.

ഉമര്‍ ഖാലിദിന്റെ അഭിഭാഷകനായ കപില്‍ സിബലുമായി ഒരുമിച്ച് ജോലി ചെയ്തതിനാല്‍ പ്രസ്തുത ബെഞ്ചില്‍ നിന്നും ജസ്റ്റിസ് മന്‍മോഹന്‍ പിന്മാറാന്‍ തീരുമാനിച്ചതിനാലാണ് കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിക്കാന്‍ കഴിയാതിരുന്നതെന്ന് അരവിന്ദ് കുമാര്‍ പറഞ്ഞു.

ഉമർ ഖാലിദ്, ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്‌മാൻ എന്നിവരടക്കം ഏഴ് പേർ സമർപ്പിച്ച ജ്യാമാപേക്ഷ ഈ മാസം ഹൈക്കോടതി തള്ളിയിരുന്നു. കലാപം ഒരു പതിവ് പ്രതിഷേധമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതും ഗൂഢാലോചനയുമാണെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് നേരത്തെ ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചത്.

സി.എ.എ, എൻ.ആർ.സി പ്രതിഷേധത്തിന് പിന്നാലെ 2020 ഫെബ്രുവരിയിൽ നടന്ന ദൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്ത്.

യു.എ.പി.എ, പൊതുമുതല്‍ നശിപ്പിക്കല്‍ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. പ്രതികൾ 2020 മുതൽ വിചാരണ തടവുകാരായി കസ്റ്റഡിയിലാണ്.

അതേസമയം ഇതേ കേസിൽ വിദ്യാർത്ഥി പ്രവർത്തകരായ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് 2021 ജൂണിൽ ജ്യാമം ലഭിച്ചിരുന്നു. മുൻ കോൺഗ്രസ് കൗൺസിലർ നേതാവ് ഇസ്രത്ത് ജഹാന് 2022 മാർച്ചിൽ ജ്യാമം അനുവദിച്ചിരുന്നു.

Content Highlight: Delhi riots case; Supreme Court issues notice to Center on bail pleas of Umar Khalid and others