എ.എ.പിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് ദല്‍ഹി പൊലീസ്; ബി.ജെ.പിക്ക് ഭയമെന്ന് കെജ്‌രിവാള്‍
national news
എ.എ.പിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് ദല്‍ഹി പൊലീസ്; ബി.ജെ.പിക്ക് ഭയമെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th January 2025, 2:55 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് പൊലീസ്. അണ്‍ബ്രേക്കബിളെന്ന ഡോക്യുമെന്ററി പ്രദര്‍ശനമാണ് പൊലീസ് തടഞ്ഞത്.

എ.എ.പിയുടെ ചരിത്രവും നാള്‍വഴികളും ഉള്‍ക്കൊള്ളിച്ചുള്ള ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയത്. അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ പങ്കെടുക്കാനിരുന്ന പരിപാടിക്ക് അനുമതി വാങ്ങിയിരുന്നില്ലെന്നും മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം നിരോധിച്ചതെന്നും പൊലീസ് പറഞ്ഞു.

അതേസമയം എന്തായാലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നും സമയം പുനഃക്രമീകരിക്കുന്നതായുമാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം പറയുന്നത്.

എന്നാല്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചത് ബി.ജെ.പിയുടെ തന്ത്രമാണെന്നാണ് പാര്‍ട്ടിയുടെ ആരോപണം. പ്രദര്‍ശനം തടയാന്‍ ബി.ജെ.പി പൊലീസിനെ ഉപയോഗിച്ചതാണെന്നും ആരോപിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞതാണെന്നും ഇത് രാഷ്ട്രീയ പ്രേരിത നീക്കമാണെന്നും എ.എ.പി പറഞ്ഞു.

ജയിലിലടക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി നേതാക്കളെ കേന്ദ്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ ബി.ജെ.പി ഭയക്കുന്നുവെന്നും അതിനാലാണ് പ്രദര്‍ശനം തടഞ്ഞതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ബി.ജെ.പിയെ ഭയക്കുന്ന എന്താണ് ആ ചിത്രത്തിലുള്ളതെന്ന് ചോദിച്ച കെജ്‌രിവാള്‍ എന്തുകൊണ്ടാണ് അനുമതി നിഷേധിക്കുന്നുവെന്നും കേന്ദ്രത്തിന്റെ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികളെയാണ് ഡോക്യുമെന്ററി തുറന്നുകാട്ടുന്നതെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ അനുസരിച്ച് നീങ്ങണമെന്നും പൊലീസ് പ്രസ്താവനയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രത്യേക അനുമതി വാങ്ങണമെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഇത് സര്‍വസാധാരണമാണെന്നും പൊലീസ് അറിയിച്ചു.

Content Highlight: Delhi Police stopped AAP’s documentary screening; Kejriwal says BJP is afraid