ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തില്‍ പരാതിക്കാരനായ ജോണ്‍ ബ്രിട്ടാസ് എം.പിയോട് തെളിവ് തേടി ദല്‍ഹി പൊലീസ്.
പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിലെത്തിയ ഇന്ത്യയുടെ തീരുമാനം വിക്രം മിസ്രി അറിയിച്ചതോടെയാണ് അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ രൂക്ഷമായ ഭാഷയില്‍ സൈബര്‍ ആക്രമണമുണ്ടായത്.
സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സംഘടിതമായ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മെയ് 12ന് അയച്ച കത്തിലാണ് മാസങ്ങള്‍ക്ക് ശേഷം ദല്‍ഹി പൊലീസ് ബ്രിട്ടാസിനോട് തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സൈബര്‍ അറ്റാക്കിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍, വെബ് ലിങ്കുകള്‍ പത്ര റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ തെളിവുകള്‍ ജോണ്‍ ബ്രിട്ടാസ് പൊലീസിന് കൈമാറി. ഒപ്പം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളായ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍, മലയാളിയായ എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി എന്നിവര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ തെളിവുകളും അദ്ദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്.
‘ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും ശേഖരിച്ച വസ്തുതളാണ്. ഭാരതീയ ന്യായ സംഹിത 2023, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമം 2000 എന്നിവ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ നല്‍കിയിട്ടുണ്ട്,’ ബ്രിട്ടാസ് പറഞ്ഞു.
കുറ്റം തെളിയിക്കാനുള്ള ബാധ്യത പരാതിക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് പൊലീസിന് തങ്ങളുടെ കടമകളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
പൊലീസിന് മുമ്പില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പൊലീസിനോടാവശ്യപ്പെട്ടു.
Content Highlight: Delhi Police seeks evidence from John Brittas MP, who filed a complaint in a cyber attack against Indian Foreign Secretary Vikram Misri.