ന്യൂദല്ഹി: കോക്രോച്ച് ജനതാ പാര്ട്ടിയുടെ നേതൃത്വതത്തില് കൊണാട്ട് പ്ലേസ് സെന്ട്രല് പാര്ക്കില് നടത്താന് പ്രഖ്യാപിച്ച പ്രതിഷേധത്തില് പതിനൊന്ന് പേര്ക്ക് മാത്രമേ പങ്കെടുക്കാന് സാധിക്കൂ എന്ന് ദല്ഹി പൊലീസ്.
ക്രമസമാധാന പ്രശ്നങ്ങള് ഉണ്ടാവുമെന്നും അത് കണക്കിലെടുത്ത് പൊതുജനങ്ങള് പ്രതിഷേധത്തില് പങ്കെടുക്കരുതെന്നും ദല്ഹി പൊലീസ് നിര്ദേശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് കൊണാട്ട് പ്ലേസില് ദേശീയ പതാകയുമേന്തി പ്രതിഷേധിക്കാന് സി.ജെ.പി സ്ഥാപകന് അഭിജിത് ദീപ്കെ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസിന്റെ നിര്ദേശം.
‘ 11 പേരെ മാത്രം പതാകയുമേന്തി പ്രതിഷേധത്തില് പങ്കെടുക്കാന് അനുവദിക്കും,’ പൊലീസ് പറഞ്ഞു.
സമരം പൂര്ണമായും തടയണമെന്നാവശ്യപ്പെട്ട് ദല്ഹി പൊലീസ് സമര്പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു.
സമരം തടയാന് സാധിക്കില്ലെന്നും എന്നാല് ആവശ്യമായ നിയന്ത്രണങ്ങള് ഏര്പ്പെടുത്തി ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി പൊലീസിനോട് നിര്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരക്കാര്ക്ക് മുന്നില് കടുത്ത നിബന്ധനകളുമായി പൊലീസ് രംഗത്തെത്തിയത്.
സെന്ട്രല് പാര്ക്കില് പ്രതീകാത്മകമായി 11 പ്രതിനിധികള്ക്ക് കുറച്ചുനേരം പതാകയേന്തി നില്ക്കാനുള്ള സൗകര്യം ഒരുക്കാമെന്നും, ഇതിനായി പങ്കെടുക്കുന്ന നേതാക്കളുടെ പേരുവിവരങ്ങള് മുന്കൂട്ടി കൈമാറണമെന്നും പൊലീസ് പറഞ്ഞു.
എന്നാല് സി.ജെ.പി സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണപരമായ കാരണങ്ങള് ചൂണ്ടിക്കാണിച്ച് പാര്ക്ക് 16, 17 തീയതികളില് അടഞ്ഞ് കിടക്കുമെന്ന് മുന്സിപ്പല് കൗണ്സില് അറിയിച്ചിരുന്നു.
ജന്തര് മന്ദറില് ദേശീയ പതാക ഉയര്ത്തി മിന്നല് പ്രതിഷേധം നടത്തിയ സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില് പ്രതിഷേധിച്ചാണ് പാര്ട്ടി നേതാവ് തിരംഗ മാര്ച്ചിന് ആഹ്വാനം ചെയ്തത്. ഒക്ടോബര് 16ന് വൈകീട്ട് അഞ്ച് മണിക്ക് ദേശീയ പതാകയേന്തി തിരംഗ മാര്ച്ച് നടത്തുമെന്നാണ് ദീപ്കെ അറിയിച്ചത്.
Content Highlight: Delhi Police imposes strict restrictions on CJP’s Tiranga March: Only 11 participants allowed, no more.
