ജന്ദര്‍ മന്തറിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍; ആളുകളെ സംഘംചേര്‍ക്കാന്‍ പ്രതികള്‍ ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിച്ചതായി പൊലീസ്
national news
ജന്ദര്‍ മന്തറിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍; ആളുകളെ സംഘംചേര്‍ക്കാന്‍ പ്രതികള്‍ ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിച്ചതായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th October 2021, 11:16 am

ന്യൂദല്‍ഹി: ജന്ദര്‍ മന്തറില്‍ വിവാദ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികള്‍ ആളുകളെ സംഘംചേര്‍ക്കാന്‍ അഞ്ച് വാട്‌സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജും ഉപയോഗിച്ചിരുന്നതായി ദല്‍ഹി പൊലീസ്. കേസന്വേഷിക്കുന്ന ദല്‍ഹി പൊലീസ് കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രതികളായ ഒമ്പത് പേരില്‍ ആറ് പേരും വാട്‌സാപ്പും ഫേസ്ബുക്കും ദുരുപയോഗം ചെയ്തിരുന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ആഗസ്റ്റ് 8ന് ജന്ദര്‍ മന്തറില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ വിദ്വേഷം ജനിപ്പിക്കുന്നതും മുസ്‌ലിം വിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചു എന്ന കുറ്റത്തിനായിരുന്നു ഒന്‍പത് പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ദല്‍ഹി ബി.ജെ.പിയുടെ മുന്‍ വക്താവായ അശ്വിനി ഉപാധ്യായ, ഹിന്ദു രക്ഷാദള്‍ പ്രസിഡന്റ് ഭൂപേന്ദര്‍ തോമര്‍, സേവ് ഇന്ത്യ ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രീത്് സിംഗ്, ഹിന്ദു ഫോഴ്‌സ് പ്രസിഡന്റ് ദീപക് സിംഗ്, സുദര്‍ശന്‍ വാഹിനി പ്രസിഡന്റ് വിനോദ് ശര്‍മ, ഹിന്ദു രക്ഷാദള്‍ അംഗം ദീപക് കുമാര്‍, ഹിന്ദു ആര്‍മി സംഘതന്‍ പ്രസിഡന്റ് സുശീല്‍ തിവാരി, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകനും ബി.ജെ.പി കിസാന്‍ മോര്‍ച്ച മണ്ഡല്‍ പ്രസിഡന്റുമായ ഉത്തം ഉപധയ, വിനീത് ബാജ്പയി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അശ്വിനി ഉപാധ്യായയായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. ‘ബ്രിട്ടീഷ് ഭരണകാലത്തെ നിയമ’ങ്ങളില്‍ പ്രതിഷേധിച്ചെന്ന പേരിലായിരുന്നു സമരം.

”അറസ്റ്റിലായവര്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ച് ജനങ്ങളെ സംഘം ചേര്‍ത്തു. ഹിന്ദു ഫോഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ദീപക് സിംഗ്. ഹിന്ദു രക്ഷാദള്‍ ഗ്രൂപ്പിന്റെ അഡ്മിനാണ് ഭൂപേന്ദര്‍ തോമര്‍. വിനീത് ബാജ്പയിക്ക് മഹാകല്‍ ടീം എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജുമുണ്ട്,” അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ റാംകേഷ് പറഞ്ഞു.

കഴിഞ്ഞ ജൂലൈ 30ന് പ്രതികളിലൊരാളായ അശ്വിനി ഉപാധ്യായ് ന്യൂദല്‍ഹി ജില്ലാ ഡി.സി.പിക്ക് ജന്ദര്‍ മന്തറില്‍ ആഗസ്റ്റ് 8ന് റലി നടത്താന്‍ അനുവാദം ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചു. പിന്നീട് ആഗസ്റ്റ് 4ന് നടത്താനെന്ന രീതിയിലും അപേക്ഷിച്ചെങ്കിലും അതും നിരസിച്ചു.

എന്നിട്ടും സോഷ്യല്‍ മീഡിയ വഴി അവര്‍ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചു. സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ആഗസ്റ്റ് 8ന് നിരവധി പേരാണ് ജന്ദര്‍ മന്തറില്‍ തടിച്ചുകൂടിയതെന്നും റാംകേഷ് പറഞ്ഞു. ആളുകളോട് ഇവരുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്യാന്‍ പ്രതികള്‍ ആവശ്യപ്പെട്ടതായും റാംകേഷ് കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 8ന് ജന്ദര്‍ മന്തറില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 13 പൊലീസുകാര്‍, 4 മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 18 സാക്ഷികളാണ് കേസിലുള്ളത്. പ്രതികളുടെ എല്ലാവരുടേയും ഫോണ്‍ ലൊക്കേഷന്‍ രേഖകള്‍ പരിശോധിച്ചതാണെന്നും സംഭവം നടന്ന സമയത്ത് എല്ലാവരും ജന്ദര്‍ മന്തറില്‍ ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Delhi police charge sheet says Jantar Mantar sloganeering case accused used WhatsApp and Facebook to mobilize crowd