ന്യൂദല്‍ഹി: ദല്‍ഹിയിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ചൈതന്യാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്.
ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് കമ്മിറ്റി അംഗമാണ് പാര്‍ത്ഥ സാരഥി എന്നറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
സ്ഥാപനത്തിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 4 ന് വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ ആദ്യ പരാതി വരുന്നത്.
കേസുമായി ബന്ധപ്പെട്ട് കോളേജില്‍ ഇ.ഡബ്ല്യു.എസ് കാറ്റഗറിയില്‍ പ്രവേശനം ലഭിച്ച 32 പി.ജി.ഡി.എം വിദ്യാര്‍ത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഇതില്‍ 17 വിദ്യാര്‍ത്ഥികള്‍ സരസ്വതിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. തങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്നും മോശം ഭാഷ ഉപയോഗിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും വിദ്യാര്‍ത്ഥികള്‍ മൊഴിയില്‍ പറയുന്നു.
ചില ഫാക്കല്‍റ്റി അംഗങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേറ്റര്‍മാരും ചൈതന്യാനന്ദ സരസ്വതിയുടെ ‘ചില ആവശ്യങ്ങള്‍’ അംഗീകരിച്ചുകൊടുക്കാന്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ചൈതന്യയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ 16 പേര്‍ ഒരു മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്‌മെന്റില്‍ നിന്ന് ദല്‍ഹി പൊലീസ് വ്യാജനമ്പര്‍ പ്ലേറ്റ് പതിച്ച ഒരു വോള്‍വോ കാറും കണ്ടെത്തിയിട്ടുണ്ട്. ചൈതന്യാനന്ദ സരസ്വതി ഉപയോഗിച്ചതായി കരുതപ്പെടുന്നതാണ് ഈ വാഹനം. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു എഫ്.ഐ.ആറും ഫയല്‍ ചെയ്തിട്ടുണ്ട്.
ഇയാളുടെ വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ തുടരുന്നുണ്ടെന്നും ഇദ്ദേഹം എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Content Highlight: Delhi Police books self-styled godman for sexually harassing students