ദല്‍ഹി മദ്യനയക്കേസ്; കെജ്‌രിവാളിന്റെ ഹരജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
national news
ദല്‍ഹി മദ്യനയക്കേസ്; കെജ്‌രിവാളിന്റെ ഹരജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2024, 2:06 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ഏപ്രില്‍ 29ന് ശേഷം മാത്രമേ ഹരജി പരിഗണിക്കാന്‍ സാധിക്കുള്ളൂ എന്ന് സുപ്രീം കോടതി പറഞ്ഞു. കെജ്‌രിവാളിന്റെ ഹരജിയില്‍ ഇ.ഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാല്‍ ഹരജി ഉടന്‍ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. നേരത്തെ ദല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി പുറത്തിറങ്ങേണ്ട ആവശ്യം ഉണ്ടെന്നാണ് സുപ്രീം കോടതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞത്. അതിനാല്‍ ഹരജി ഉടന്‍ പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യം എതിര്‍ത്തു. കെജ്‌രിവാളിന്റെ ഹരജിക്കെതിരെ ഇ.ഡി ഒരു തടസ ഹരജിയും സുപ്രീം കോടതിയില്‍ നല്‍കിയിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത് തടയാനായിരുന്നു ഇ.ഡി നടപടി.

നേരത്തെ സഞ്ജയ് സിങ്ങിന് മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചത് പോലെ കെജ്‌രിവാളിന് ജാമ്യം ലഭിക്കുന്നത് തടയല്‍ ആയിരുന്നു ഇ.ഡിയുടെ ലക്ഷ്യം. കേസിന്റെ പ്രധാന സൂത്രധാരന്‍ കെജ്‌രിവാള്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന് ജാമ്യം നല്‍കരുതെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും അതിനാല്‍ 29ന് ശേഷം ഹരജി പരിഗണിക്കുമ്പോള്‍ കെജ്‌രിവാളിന്റെ അറസ്റ്റില്‍ ഇ.ഡി കൃത്യമായ വിശദീകരണം നല്‍കണമെന്നും കോടതി അറിയിച്ചു.

Content Highlight: Delhi Liquor Policy Case; Supreme Court will not consider Kejriwal’s plea soon