പ്രത്യേക കോടതികളുടെ പരിധിയില്‍ മുന്‍ എം.പി-എം.എല്‍.എമാരെയും ഉള്‍പ്പെടുത്താന്‍ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം
India
പ്രത്യേക കോടതികളുടെ പരിധിയില്‍ മുന്‍ എം.പി-എം.എല്‍.എമാരെയും ഉള്‍പ്പെടുത്താന്‍ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th October 2025, 10:58 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രത്യേക കോടതികളുടെ പരിധിയില്‍ മുന്‍ എം.എല്‍.എമാരെയും എം.പിമാരെയും ഉള്‍പ്പെടുത്തണമെന്ന നിർദേശം അംഗീകരിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന.

നിയമസഭാ അംഗങ്ങള്‍ക്കും എം.പിമാര്‍ക്കുമെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളുടെ പരിധിയിലേക്ക് മുന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാണ് സക്‌സേനയുടെ ഉത്തരവ്.

മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള ബി.ജെ.പി സര്‍ക്കാരിന്റെ നിർദേശത്തിന് ലെ. ഗവര്‍ണര്‍ അംഗീകാരം നൽകുകയായിരുന്നു. പ്രസ്തുത തീരുമാനം മുന്‍ ജനപ്രതിധികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

റൗസ് അവന്യൂ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കോടതികളുടെ അധികാരപരിധി വിപുലീകരിക്കണമെന്നായിരുന്നു രേഖ ഗുപ്തയുടെ ആവശ്യം.

ഇത് പ്രകാരം കോര്‍ട്ട് ഓഫ് സ്‌പെഷ്യല്‍ ജഡ്ജ് (പിസി ആക്ട്) (സി.ബി.ഐ)-09, റൗസ് അവന്യൂ, കോര്‍ട്ട് കോംപ്ലക്‌സ്, ദല്‍ഹി; കോര്‍ട്ട് ഓഫ് സ്‌പെഷ്യല്‍ ജഡ്ജ് (പി.സി ആക്ട്) (സി.ബി.ഐ)-23, റൗസ് അവന്യൂ, കോര്‍ട്ട് കോംപ്ലക്‌സ്, ദല്‍ഹി; കോര്‍ട്ട് ഓഫ് സ്‌പെഷ്യല്‍ ജഡ്ജ് (പി.സി ആക്ട്) (സി.ബി.ഐ)-24, റൗസ് അവന്യൂ, കോര്‍ട്ട് കോംപ്ലക്‌സ്, ദല്‍ഹി എന്നിവയുടെ അധികാരപരിധിയാണ് ഉയര്‍ത്തിയത്.

2023 ജൂലൈയില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മൂന്ന് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു.

ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, കുട്ടികളുടെ അവകാശലംഘനം, പോക്‌സോ കുറ്റകൃത്യങ്ങള്‍ എന്നിവയാണ് ഈ കോടതികള്‍ പ്രധാനമായും പരിഗണിക്കുക.

Content Highlight: Delhi Lieutenant Governor orders to include former MPs and MLAs in the jurisdiction of special courts