ന്യൂദല്‍ഹി: ദല്‍ഹി ജുഡീഷ്യറിയെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. ദല്‍ഹിയിലെ ഒരു അഭിഭാഷകനെതിരെ പീഡന പരാതി നല്‍കിയ അഭിഭാഷകയെ ജഡ്ജിമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സംഭവത്തില്‍ രണ്ട് ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പരാതിക്ക് പിന്നാലെ സാകേത് ജില്ല കോടതി ജഡ്ജി സഞ്ജീവ് കുമാര്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്യുകയും ജഡ്ജി അനില്‍ കുമാറിനെതിരെ ഹൈക്കോടതി നടപടിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദല്‍ഹി ആസ്ഥാനമായുള്ള ഒരു അഭിഭാഷകനെതിരെയുള്ള ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ യുവതിയെ ഇരുവരും നിര്‍ബന്ധിച്ചുവെന്നാണ് പരാതി. ജഡ്ജിമാര്‍ക്കെതിരായ ഓഡിയോ റെക്കോര്‍ഡിങ് തെളിവുകള്‍ ഉള്‍പ്പെടെ യുവതി സമര്‍പ്പിച്ചിരുന്നു. വേഗത്തിലുള്ള നടപടിക്ക് കാരണമായതും ഈ തെളിവുകളാണ്.
ജൂലൈയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയ്ക്ക് മുമ്പാകെയും പിന്നീട് രജിസ്ട്രാര്‍ ജനറലിന് മുമ്പാകെയും യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
തന്നെ പരാതിയില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ രണ്ട് ജഡ്ജിമാരും ശ്രമിച്ചുവെന്നും അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ ഇത് ചെയ്തതെന്നും 27കാരിയായ അഭിഭാഷക പരാതിയില്‍ പറഞ്ഞിരുന്നു.
കേസ് തുടരരുതെന്നും കോടതിയില്‍ കുറ്റപത്രം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ജഡ്ജിമാരും തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്നും യുവതി ആരോപിച്ചു.
ഇരു ജഡ്ജിമാര്‍ക്കും കീഴില്‍ മുമ്പ് ക്ലാര്‍ക്കായി ജോലി ചെയ്തിരുന്നയാളാണ് പരാതിക്കാരിയായ അഭിഭാഷക. ‘ജുഡീഷ്യറിയുടെ ദുരുപയോഗത്തിന്റെയും അധികാര ദുര്‍വിനിയോഗവുമാണ് നടന്നതെന്നും വളരെ ഗുരുതരവും അസ്വസ്ഥതയുളവാക്കുന്നതുമായ കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും യുവതി പരാതിയില്‍ പറഞ്ഞു.
ആഗസ്റ്റ് 27, 28 തീയതികളില്‍ രണ്ട് ജഡ്ജിമാരേയും ഹൈക്കോടതിയുടെ വിജിലന്‍സ് കമ്മിറ്റിക്ക് മുമ്പാകെ വിളിച്ചുവരുത്തുകയും യുവതിയുടെ പരാതിയെ കുറിച്ച് അറിയിക്കുകയുമായിരുന്നു.
എന്നാല്‍ ഇരുവരും തങ്ങള്‍ക്കെതിരായ പരാതി നിഷേധിച്ചെങ്കിലും, യുവതി സമര്‍പ്പിച്ച ഓഡിയോ റെക്കോര്‍ഡിങ്ങുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും മറുപടിയുണ്ടായിരുന്നില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്നാണ് ജഡ്ജി സഞ്ജയ് സിങ്ങിനെ സസ്പെന്‍ഡ് ചെയ്യാനും അനില്‍ കുമാറിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തത്.
ജസ്റ്റിസുമാരായ സുബ്രഹ്‌മോണിയം പ്രസാദ്, പ്രതീക് ജലന്‍, അമിത് ബന്‍സാല്‍, അമിത് ശര്‍മ്മ, മനോജ് ജെയിന്‍ എന്നിവരാണ് ജില്ലാ ജുഡീഷ്യറിയിലെ അഴിമതിയും ദുഷ്പെരുമാറ്റവും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്ന ഹൈക്കോടതിയുടെ വിജിലന്‍സ് കമ്മിറ്റിയിലെ അംഗങ്ങള്‍.
കമ്മിറ്റിയുടെ തീരുമാനത്തെ കോടതി അംഗീകരിക്കുകയും രജിസ്ട്രാര്‍ ജനറല്‍ അരുണ്‍ ഭരദ്വാജ് ജഡ്ജി സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയുമായിരുന്നു.
2025 ജനുവരിയില്‍, നിയമ ഗവേഷകയായി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് യുവതി പരാതിയില്‍ പറയുന്നു.
എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിന് ശേഷം സഞ്ജയ് സിങ്ങും അനില്‍ കുമാറും തന്റെ സ്വകാര്യ നമ്പറുകളിലേക്ക് ആവര്‍ത്തിച്ച് വിളിച്ചതായും, വൈദ്യപരിശോധനയ്ക്ക് വിധേയയാകരുതെന്നും കേസ് പിന്‍വലിക്കണമെന്ന് മജിസ്ട്രേറ്റിനോട് പറയണമെന്നും ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.
മാത്രമല്ല പണം തന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജഡ്ജി സഞ്ജയ് സിങ് ശ്രമിച്ചെന്നും പരാതിക്കാരി പറയുന്നു. അഭിഭാഷകനില്‍ നിന്ന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ കൂടുതല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും യുവതി പറയുന്നു.
എന്നാല്‍ താന്‍ അതിന് വിസമ്മതിച്ചപ്പോള്‍, തന്റെ സഹോദരനെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് സഞ്ജയ് സിങ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.
തന്റെ വാദത്തെ സാധൂകരിക്കുന്ന കോള്‍ ലിസ്റ്റുകളും സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഓഡിയോ റെക്കോഡുകളും യുവതി ഹൈക്കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ പ്രതികരണം തേടാന്‍ രണ്ട് ജഡ്ജിമാരെയും ബന്ധപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Delhi judge pressured woman to drop rape case: Records