അനുവാദമില്ലാതെ അമിതാഭ് ബച്ചന്റെ ചിത്രമോ ശബ്ദമോ ഉപയോഗിക്കരുത്; ഉത്തരവ് പുറപ്പെടുവിച്ച് ദല്‍ഹി ഹൈക്കോടതി
Film News
അനുവാദമില്ലാതെ അമിതാഭ് ബച്ചന്റെ ചിത്രമോ ശബ്ദമോ ഉപയോഗിക്കരുത്; ഉത്തരവ് പുറപ്പെടുവിച്ച് ദല്‍ഹി ഹൈക്കോടതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th November 2022, 12:50 pm

ന്യൂദല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്‍കി ഹരജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തന്റെ പേര്, ഫോട്ടോ, ശബ്ദം എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്നും മറ്റുള്ളവരെ തടയണമെന്ന് ഹരജിയുമായി വെള്ളിയാഴ്ചയാണ് അമിതാബ് ബച്ചന്‍ കേസ് ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് അമിതാഭ് ബച്ചന് വേണ്ടി കോടതിയില്‍ ഹാജരായത്.

അമിതാഭിന്റെ താരപദവി അനുവാദമില്ലാതെ ഉപയോഗപ്പെടുത്തി സ്വന്തം ബിസിനസ് വളര്‍ത്തുന്ന പ്രവണതയുണ്ടെന്ന് ജസ്റ്റിസ് നവീന്‍ ചൗള ചൂണ്ടിക്കാട്ടി. ‘ഹരജിക്കാരന് പ്രശസ്തനായ വ്യക്തിയായതുകൊണ്ട് അദ്ദേഹത്തിന് നികത്താനാവാത്ത നഷ്ടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചില ലംഘനങ്ങള്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുക പോലും ചെയ്‌തേക്കാം. അനുവാദമില്ലാതെ താരപദവി ഉപയോഗിച്ച് മറ്റുള്ളവര്‍ ബിസിനസ് ചെയ്യുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ട്. പ്രഥമ ദൃഷ്ട്യ കേസെടുക്കാവുന്ന കുറ്റമാണിത് എന്നാണ് എന്റെ അഭിപ്രായം,’ ജസ്റ്റിസ് ചൗള പറഞ്ഞു.

നിയമവിരുദ്ധമായി കോന്‍ ബനേഗ ക്രോര്‍പതി എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്‌സ് അമിതാഭിന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നുണ്ടെന്ന് ഹരജിയില്‍ പറയുന്നുണ്ട്. പ്രസാധകര്‍, വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍, വിവിധ ബിസിനസുകാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അമിതാഭ് ഹരജി ഫയല്‍ ചെയ്തത്.

Content Highlight: Delhi High Court says not to use Amitabh Bachchan’s pictures or voice without permission