ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ കുര്‍ത്തക്ക് താഴെ പൈജാമയില്ലാതെ ഷോര്‍ട്‌സ് മാത്രം ധരിച്ച് പങ്കെടുത്തതിനെ കുറിച്ച് വന്ന സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ നല്‍കിയ മാനനഷ്ട കേസില്‍ തിരിച്ചടി. വിവാദവുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമങ്ങളിലെ ആക്ഷേപഹാസ്യങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ ആക്ഷേപഹാസ്യം, നര്‍മം, അതിശയോക്തി എന്നീ സ്വഭാവത്തിലുള്ളവയാണെന്ന് പറഞ്ഞാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് അമിത് ബന്‍സലാണ് ഈ നിരീക്ഷണം നടത്തിയത്.
അങ്ങനെ വസ്ത്രം ധരിക്കാന്‍ ഭാട്ടിയ സ്വയം തീരുമാനിച്ചതാണ്. സ്വയം അത്തരമൊരു വേഷത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം വീഡിയോ പങ്കുവെച്ചവര്‍ തന്റെ സ്വാകാര്യതയില്‍ കടന്നുകയറിയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോടതി വ്യക്തമാക്കി.
‘സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ അപകീര്‍ത്തികരമെന്ന് തോന്നാം. എങ്കിലും ഒരു തത്സമയ പരിപാടിക്കിടെ അദ്ദേഹം ഈ വേഷം ധരിച്ച് എത്തിയായതിനാലാണ് ഇത്തരം പോസ്റ്റുകള്‍ ഉണ്ടായതെന്ന് ഓര്‍മിക്കേണ്ടതുണ്ട്.
ഇത് പ്രഥമദൃഷ്ട്യാ ആക്ഷേപഹാസ്യവും നര്‍മ്മവും അതിശയോക്തിയും നിറഞ്ഞതായി തോന്നുന്നു. ഇത് ഒരു സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി കാണാനാവില്ല. കാരണം ഇത്തരമൊരു വസ്ത്രം ധരിക്കാന്‍ അദ്ദേഹം സ്വയം തീരുമാനിച്ചതാണ്,’ കോടതി പറഞ്ഞു.
അതേസമയം, അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അത്തരം പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമായി കാണാന്‍ കഴിയില്ലെന്നും അതിനാല്‍ അത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2025 സെപ്റ്റംബര്‍ 12ന് ന്യൂസ് 18 ഇന്ത്യയിലെ ചര്‍ച്ചയിലാണ് ഗൗരവ് ഭാട്ടിയ കുര്‍ത്തയും ഷോര്‍ട്‌സും ധരിച്ച് എത്തിയത്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് വീഡിയോ കോളിലൂടെയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ഹെഡ് ഷോട്ട് മാത്രമേ സംപ്രേഷണം ചെയ്യുകയുള്ളുവെന്ന് കരുതിയാണ് ഭാട്ടിയ കരുതിയതെന്നാണ് വിശദീകരണം. എന്നാല്‍, പരിപാടിക്കിടെ അദ്ദേഹത്തിന്റെ കാലിന്റെ ഭാഗവും ടെലികാസ്റ്റ് ചെയ്യപ്പെട്ടു. ഇതിന്റെ ക്ലിപ്പുകള്‍ പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
ഇതോടെയാണ് ഭാട്ടിയ മാനനഷ്ടകേസ് നല്‍കിയത്. സമാജ്‌വാദി പാര്‍ട്ടി മീഡിയ സെല്‍, ന്യൂസ് ലോണ്ടറി, എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ്, കോണ്‍ഗ്രസ് നേതാവ് രാഗിണി നായക്, മാധ്യമപ്രവര്‍ത്തകന്‍ അഭിസര്‍ ശര്‍മ തുടങ്ങി നിരവധി പേര്‍ക്കെതിരെയായിരുന്നു കേസ്.
Content Highlight: Delhi High Court refuse to take down satirical posts in Gaurav Bhatia defamation case but orders to take down of obscene posts