ഒട്ടകപക്ഷിയെ പോലെ തല പൂഴ്ത്തിയിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും, ഞങ്ങള്‍ക്കാവില്ല; ഓക്‌സിജന്‍ വിതരണത്തില്‍ കേന്ദ്രത്തോട് ദല്‍ഹി ഹൈക്കോടതി
national news
ഒട്ടകപക്ഷിയെ പോലെ തല പൂഴ്ത്തിയിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും, ഞങ്ങള്‍ക്കാവില്ല; ഓക്‌സിജന്‍ വിതരണത്തില്‍ കേന്ദ്രത്തോട് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 6:56 pm

ന്യൂദല്‍ഹി: ഓക്‌സിജന്‍ വിതരണത്തില്‍ പാളിച്ച വരുത്തിയ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി.

അടിയന്തരമായി ദല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കോടതി പറഞ്ഞു. കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകണമോ എന്നും ഹൈക്കോടതി ചോദിച്ചു.

‘നിങ്ങള്‍ക്ക് ഒട്ടകപക്ഷിയെ പോലെ തല മണ്ണില്‍ പൂഴ്ത്തിയിരിക്കാം. ഞങ്ങള്‍ക്ക് അതിനാവില്ല. ദന്തഗോപുരത്തിലാണോ നിങ്ങള്‍ ജീവിക്കുന്നത്?,’ ഹൈക്കോടതി ചോദിച്ചു.

700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ദല്‍ഹിയില്‍ എത്തിക്കണമെന്ന് സുപ്രീം കോടതി ഏപ്രില്‍ 30ന് ഉത്തരവിട്ടിരുന്നുവെന്നും എന്നാല്‍ അതിനുമേല്‍ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും ഹൈക്കോടതി ബെഞ്ച് പറഞ്ഞു.

അതേസമയം, കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളിലും കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഓക്സിജന്റെ ആവശ്യം മുന്‍കൂട്ടി ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് രാജ്യത്തിന്റെ സ്ഥിതി ഗുരുതരമാക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിരവധി പേരാണ് മരണപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Delhi High Court Raps Centre On Oxygen Supply