ന്യൂദല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്തക്കും എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) നടപടികള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇതിന് പുറമെ ഇവര്‍ക്കെതിരായ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ (ഇ.ഒ.ഡബ്ല്യു) എഫ്.ഐ.ആറും കോടതി റദ്ദാക്കി.
വിദേശ ഫണ്ടിങ് ആരോപണത്തെത്തുടര്‍ന്നാണ് ന്യൂസ് ക്ലിക്കിനും പ്രബീര്‍ പുര്‍കായസ്തക്കും എതിരെ ഇ.ഡിയും ഇ.ഒ.ഡബ്ല്യുവും നടപടി സ്വീകരിച്ചിരുന്നത്.
യു.എസ്. ആസ്ഥാനമായ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് 9.59 കോടി രൂപ ന്യൂസ് ക്ലിക്കിന് ലഭിച്ചു എന്ന ആരോപണത്തിലുള്ള ഇ.ഡി, ഇ.ഒ.ഡബ്ല്യു നടപടികളാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയത്. വാര്‍ത്താവിനിമയ പ്രക്ഷേപണ കാര്യ മന്ത്രാലയത്തില്‍ നിന്നും കൈമാറിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2020 ഓഗസ്റ്റിലായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഫെമ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഈ നിക്ഷേപം നടന്നിരിക്കുന്നതെന്നും ഇ.ഡി പറയുന്നു. ഫെമ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുര്‍കായസ്തയ്ക്കും ഈ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിഴയിട്ടിരുന്നു. 2021ല്‍ ന്യൂസ്‌ക്ലിക്ക് ആസ്ഥാനത്ത് 50 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡും ഇ.ഡി നടത്തിയിരുന്നു.
ഇ.ഡിയുടെ ആരോപണങ്ങളെല്ലാം ന്യൂസ്‌ക്ലിക്ക് നേരത്തെ തള്ളിയിരുന്നു. സ്ഥാപനം ചട്ടലംഘനം നടത്തിയിട്ടില്ലെന്നും നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും ന്യൂസ്‌ക്ലിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
2023ല്‍ യു.എ.പി.എ ചുമത്തി പ്രബീര്‍ പുര്‍കായസ്തയെയും എച്ച്.ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തിയെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി 2024ല്‍ ഇരുവരെയും മോചിപ്പിച്ചിരുന്നു.
ചൈനയുടെ പ്രൊപഗണ്ട പ്രചരിപ്പിക്കുവാന്‍ ന്യൂസ്‌ക്ലിക്കിന് ഫണ്ട് ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണത്തിലാണ് പുര്‍കായസ്തയേയും അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്തത്.
ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുകയും 2019ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്സ് സെക്യുലറിസം ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു എഫ്.ഐ.ആര്‍.
2023 ഒക്ടോബര്‍ മൂന്നിന് പുര്‍കായസ്തയെ അറസ്റ്റ് ചെയ്തതോടൊപ്പം ന്യൂസ്‌ക്ലിക്ക് ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട 88 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും നിരവധി ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത് വലിയ വിവാദത്തിനാണ് വഴിവെച്ചത്.
Content Highlight: Delhi High Court quashes ED Case Against Newsclick and Founder Prabir Purkayastha