ന്യൂദല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മക്ക് സ്ഥലമാറ്റം. സ്ഥലമാറ്റം സംബന്ധിച്ചുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
മാതൃകോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്കാണ് യശ്വന്ത് വര്‍മയെ സ്ഥലം മാറ്റുന്നത്. കൊളീജിയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലമാറ്റ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനെതിരെ അഭിഭാഷകര്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
അലഹബാദ് ഹൈക്കോടതി മാലിന്യങ്ങള്‍ കൊണ്ട് തട്ടാനുള്ള ഇടമല്ലായെന്ന് അലഹബാദ് ബാര്‍ അസോസിയേഷന്‍ നേരത്തെ പ്രതികരിച്ചിരുന്നു. അസോസിയേഷന്‍ പ്രതിനിധികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നേരിട്ട് കണ്ട് തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരകമ്മിറ്റിഅന്വേഷണം നടത്തവെയാണ് യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയത്.
പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് യശ്വന്ത് വര്‍മക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നത്.
ആഭ്യന്തര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് അഭയസോഗയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
മലയാളി അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയുടെ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ മറുപടി. ഇതിനിടെ യശ്വന്ത് വര്‍മക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളുകയും ചെയ്തു.